Home State പറച്ചിലിൽ ആവേശം; ഹര്‍ജി നൽകാൻ നിർദ്ദേശമില്ല ; കാർഷിക നിയമത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധം പാതിവഴിയിൽ ?

പറച്ചിലിൽ ആവേശം; ഹര്‍ജി നൽകാൻ നിർദ്ദേശമില്ല ; കാർഷിക നിയമത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധം പാതിവഴിയിൽ ?

0

ന്യൂഡെൽഹി: കാർഷിക മേഖലയെ നേരിട്ട് ബാധിക്കുന്ന കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരളത്തിന്‍റെ ആലോചനകൾ പാതിവഴിയിൽ. അതോടൊപ്പം കേരളത്തിന് ഒപ്പം നിന്ന മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക്‌ പഴയ ചൂടും ആവേശവുമില്ല.

പ്രതിപക്ഷ സ്വരങ്ങളെ വകവെക്കാതെ കാര്‍ഷികമേഖലയെ ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഓർഡിനൻസുകളാണ് ബില്ലുകളായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്.
തൊട്ടുപിന്നാലെ തന്നെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം കേരളം ആലോചിച്ചിരുന്നു. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ചയും ചെയ്തു. പക്ഷെ, ബില്ലുകള്‍ പാസാക്കി ഒരുമാസത്തോളമാകുമ്പോഴും കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതിയിലെത്തിയിട്ടില്ല.

ഹര്‍ജി നല്‍കുന്നതിനായി അഡ്വക്കേറ്റ് ജനറലിനോ, സുപ്രീംകോടതിയിലെ അഭിഭാഷകര്‍ക്കോ ഇതുവരെ യാതൊരു നിര്‍ദ്ദേശവും കിട്ടിയിട്ടുമില്ല. തങ്ങൾ കർഷകർക്ക് ഒപ്പമെന്ന് നാഴികയ്ക്ക് നാപത് വട്ടം പറയുന്നുണ്ടെങ്കിലും കോടതിയെ സമീപിക്കാൻ കേരളം എന്തുകൊണ്ട് വൈകുന്നു?

കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച സിപിഎമ്മിന്‍റെയടക്കം എട്ട് അംഗങ്ങളെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തിരുന്നു. കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള കേരളത്തിന്‍റെ നീക്കം പ്രതിപക്ഷ സംസ്ഥാങ്ങളുടെ രാഷ്ട്രീയ പടയൊരുക്കമായും വിലയിരുത്തപ്പെട്ടിരുന്നു.

കേരളത്തിന് പിന്നാലെ പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചെങ്കിലും ഇതേവരെ ഹര്‍ജി നല്‍കിയിട്ടില്ല. കാര്‍ഷിക നിയമത്തെ മറികടക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാനങ്ങളോട് നിയമം കൊണ്ടുവരാന്‍ സോണിയാഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ നിയമത്തിന്‍റെ കരട് തയ്യാറാക്കിയെങ്കിലും പ്രതിഷേധ നീക്കം പാതിവഴിയിലാണ്. ഡിഎംകെ.നേതാവ് തിരുച്ചിശിവ, അഭിഭാഷകനായ എം എല്‍ ശര്‍മ്മ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി കേന്ദ്ര സ‍ര്‍ക്കാരിന് നോട്ടീസ് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here