തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷദ്വീപ് ഒഴികെ എട്ട് ജില്ലകളിലും നാളെയും യെല്ലോ അലർട്ട് ബാധകമാണ്. ഇന്ന് രാത്രിയോടെആന്ധ്രാപ്രദേശിലെ നരസ്പുരിനും വിശാഖപ്പട്ടണത്തിനും ഇടയിൽ ന്യൂനമർദ്ദം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഒഡിഷ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.