തൃശൂരിൽ കഞ്ചാവ് കേസ് പ്രതി മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തൃശൂർ: കൊറോണ സെന്ററിൽ കഞ്ചാവ് കേസ് പ്രതി മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അമ്പിളിക്കല കൊറോണ സെന്ററിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്‌. പ്രതി ഷമീറിനെ കൊറോണ കെയർ സെന്ററിൽ എത്തിച്ചപ്പോൾ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇവർ. ഷമീറിന്റെ ഭാര്യ ഉൾപ്പടെ മറ്റ് മൂന്ന് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കൂടാതെ കേസിൽ അമ്പിളിക്കല കൊറോണ സെന്ററിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഷമീറിന് ക്രൂര മർദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്കും ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഈ മാസം ഒന്നാം തീയതിയാണ് കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീർ കൊറോണ സെന്ററിൽ മരിച്ചത്.

തൃശൂരിലെ അമ്പിളിക്കല കൊറോണ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെയാണ് മരണം. ഇവിടെ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇത് കൂടെയുണ്ടായിരുന്ന പ്രതികൾ തള്ളിയിരുന്നു. ഷമീറിന് കൊറോണ സെന്ററിൽ മർദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.