കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും എന്നാൽ നാല് ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടൊവിനോ ചികിത്സയിലുള്ളത്. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോയ്ക്ക് പരുക്കേറ്റത്. തുടർന്ന് വയറുവേദനകലശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്ത സ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിൻറെ സംവിധായകൻ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രോഹിത് വി എസ്. ചിത്രത്തിൽ ലാലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.