ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നാഡിമിടിപ്പുകൾ നിരീക്ഷിച്ച രാഷ്ട്രീയ വെതർമാൻ

ന്യൂഡെൽഹി: ഇന്ത്യയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒട്ടേറെ അദ്ഭുതപ്പെടുത്തുന്ന റെക്കോർഡുകളുമായാണ് അന്തരിച്ച കേന്ദ്രമന്ത്രി റാംവിലാസ് പസ്വാൻ ചരിത്രമാവുന്നത്. വിദ്യാർഥിയായിരിക്കെതന്നെ രാഷ്ട്രീയത്തിലിറങ്ങിയ പസ്വാൻ 23ാം വയസ്സിൽ നിയമസഭാംഗമായി, ഇന്ത്യൻ ജനാധിപത്യത്തിൽ ആർക്കും തകർക്കാനാവാത്ത റെക്കോർഡിനുടമയാണ്.

തിരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ലെന്നു വാദങ്ങളുണ്ടെങ്കിലും 1969ൽ ബിഹാർ‌ നിയമസഭാംഗമായ പസ്വാനു മുമ്പോ പിമ്പോ മറ്റൊരാൾക്കും ഇത്തരത്തിലൊരവസരം ഉണ്ടായിട്ടില്ലെന്നതാണ് ഇന്ത്യയുടെ തിര‍ഞ്ഞെടുപ്പു ചരിത്രം. തർക്കമോ കേസോ ഉണ്ടാകാത്തതിനാൽ ‘ചെറുപ്പത്തിൽ’ പസ്വാനു കൈവന്ന ഭാഗ്യം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടില്ലെന്നതും അപൂർവതയാണ്.
കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമെങ്കിലും ലോക്‌ ജൻശക്‌തി പാർട്ടി അധ്യക്ഷൻ കൂടിയായ പസ്വാന്റെ പേരിൽ ചേർക്കപ്പെട്ട ഈ റെക്കോർഡിനു മുന്നിൽ രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്‌ഥകൾ പോലും മുഖംതിരിച്ചു നിന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആരുമറിയാത്ത ഈ റെക്കോർഡിന് രേഖകളാണ് സാക്ഷിപത്രം.

ഇന്ത്യയിൽ ഏതെങ്കിലും നിയമസഭയിലോ ലോക്‌സഭയിലോ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം 25 ആണ്. എന്നാൽ, അ‍ഞ്ച് പതിറ്റാണ്ട് മുമ്പ് ബിഹാർ നിയമസഭയിലേക്ക് 1969ൽ പസ്വാൻ ജയിച്ചെത്തുമ്പോൾ വയസ്സ് വെറും 23. ഭരണഘടനാ വിരുദ്ധമെങ്കിലും ഇനിയും ചോദ്യം ചെയ്യപ്പെടാത്തതാണ് ഈ അപൂർവ നേട്ടം.
പ്രസിദ്ധപ്പെടുത്തിയ രേഖകൾ പ്രകാരം പസ്വാന്റെ ജനനം 1946 ജൂലൈ അഞ്ചിനാണ്. അതായത് 1969ൽ 23 വയസ്സുമാത്രം. ഇതിന്റെ പേരിൽ കേസോ നടപടിയോ ഒന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പ്രായം തെളിയിക്കാതെ എങ്ങനെയാണ് അദ്ദേഹം സ്‌ഥാനാർഥിയായതെന്നതും ഏവരെയും അദ്‌ഭുതപ്പെടുത്തുന്നു.ബിഹാർ നിയമസഭയിലേക്ക് അലൗലി സംവരണ മണ്ഡലത്തിൽ നിന്ന് 1969 ൽ സംയുക്‌ത സോഷ്യലിസ്‌റ്റ് പാർട്ടി ടിക്കറ്റിലാണ് പസ്വാൻ തിരഞ്ഞെടുക്കപ്പെട്ടത്.

പസ്വാൻ എപ്പോഴും നൽകുന്ന എല്ലാ രേഖകളിലും ജനന തീയതി 1946 ജൂലൈ അഞ്ചു തന്നെയാണ്. വർഷം 50 കഴിഞ്ഞെങ്കിലും ഈ ജനവിധി ആരും ചോദ്യം ചെയ്തില്ല. കേസായാൽ നിയമസഭാംഗത്വം റദ്ദാക്കുന്നതും ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും വിദഗ്ധർ പറയുന്നു.

1967ൽ എംഎ ബിരുദം നേടിയ ഉടൻ രാഷ്‌ട്രീയത്തിലെത്തിയ പസ്വാന്റെ പേരിൽ ദീർഘകാലം നിലനിന്ന മറ്റൊരു റെക്കോർഡുണ്ട്; ഭൂരിപക്ഷത്തിന്റെ പേരിൽ 1977ൽ ജനതാ തരംഗത്തിൽ ബിഹാറിലെ ഹാജിപ്പൂർ മണ്ഡലത്തിൽനിന്ന് പസ്വാൻ ജയിച്ചുകയറിയത് നിസ്സാര വോട്ടിനല്ല. 4,25,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ പസ്വാന് 89.34 ശതമാനം വോട്ടും എതിരാളിക്ക് വെറും 8.78 ശതമാനവും.

1977നു ശേഷം പാർലമെന്റിലേക്കു മാറിയ പസ്വാൻ പല തവണ ലോക്സഭാംഗമായി. അതും പല പല പാർട്ടികളിലായി, പല മുന്നണികളുടെ പിൻബലത്തിൽ. വിടവാങ്ങുന്നത് രാജ്യത്തിന്റെ പ്രമുഖ ദലിത് നേതാവു കൂടിയാണ്.

ഞാൻ ഒരു വെതർമാനൊന്നുമല്ല, പക്ഷേ ഞാൻ പ്രവചിക്കുന്നത് സംഭവിക്കും’- 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ജെ.പി അംഗമായ എൻഡിഎ വിജയിച്ചപ്പോൾ രാംവിലാസ് പസ്വാൻ പറഞ്ഞത് ഇപ്രകാരമാണ്. ബിഹാറിലെ 40 പാർലമെന്റ് സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്ന് താൻ പ്രവചിച്ചിരുന്നതായി പാസ്വാൻ അന്ന് അവകാശപ്പെട്ടിരുന്നു. യാദൃശ്ചികമെന്നോണം 40 ലോകസഭാ സീറ്റുകളിൽ 39 സീറ്റുകളും എൻഡിഎ തൂത്തുവാരി. പാസ്വാന്റെ പ്രവചനം ഒരിക്കൽ കൂടി ശരിയാവുകയായിരുന്നു.

‘ഇന്ത്യൻ രാഷ്ട്രീയത്തിലെ വെതർമാൻ’ എന്നാണ് രാം വിലാസ് പസ്വാനെ എതിരാളികൾ എന്നും വിശേഷിപ്പിക്കാറുളളത്. ഏതുസഖ്യത്തിനൊപ്പം നിൽക്കണം എന്ന കാര്യത്തിൽ കൃത്യമായ നിലപാടെടുക്കാൻ പസ്വാനെ കഴിഞ്ഞേ മറ്റാരുമുളളൂവെന്നതിനാലാണ് അദ്ദേഹത്തിന് എതിരാളികളും മാധ്യമങ്ങളും ഒരുപോലെ ആ പേരിട്ടത്. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ഏതുകക്ഷി അധികാരത്തിൽവരുമെന്ന് മുൻകൂട്ടി കാണാനും കഴിഞ്ഞിരുന്നതാണ് രാം വിലാസ് പസ്വാനെ ഈ സവിശേഷതയ്ക്ക് ഉടമയാക്കിയത്.