കോല്‍ക്കത്ത: രാജ്യത്ത് വീണ്ടും കൊറോണ വൈറസ് മരണം. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് എട്ടായി. പശ്ചിമ ബംഗാളിലാണ് ഇറ്റലിയില്‍ നിന്ന് വന്ന 57 വയസുകാരന് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണമാണിത്. അതേസമയം, കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. ഇന്ന് 29 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 425 ആയി ഉയര്‍ന്നു.
രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈറസ് പ്രതിരോധിക്കാൻ നിര്‍ദ്ദേശങ്ങളെല്ലാം പൂര്‍ണ്ണമായും നടപ്പാക്കാൻ തയ്യാറാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കിയത് കൊണ്ട് കാര്യമില്ല. 19 സംസ്ഥാനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ആഭ്യന്തര സെക്രടറി വൈറസ് ബാധിത സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും സംസാരിച്ചു ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കാനും തീരുമാനം ആയി.