ലഖ്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി വദ്രയും ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഹാഥ്റസിലേക്ക്. 40 കോൺഗ്രസ് എംപിമാരും ഹാഥ്റസിലേക്ക് ഇവർക്കൊപ്പമുണ്ടാകും. സന്ദർശനത്തിന് മുന്നോടിയായി ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ സർക്കാർ വീട്ടുതടങ്കലിലാക്കിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു.
യുവതിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നോയ്ഡയ്ക്ക് സമീപം യുപി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബുദ്ധ സർക്യൂട്ട് അതിഥിമന്ദിരത്തിൽ കുറച്ചുനേരം തടഞ്ഞുവെച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.
യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്കരിച്ചതിലുൾപ്പെടെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി ഹഥ്റാസിലെത്തുന്നത്. ക്രമസമാധാനം തകർത്തതിന് ഐ.പി.സി. 188 പ്രകാരമാണ് അറസ്റ്റെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി.
യുവതിയുടെ ഗ്രാമത്തിലേക്കുളള പ്രവേശന കവാടത്തിലുൾപ്പടെ ഗ്രാമത്തിലേക്കുളള എല്ലാ വഴികളിലും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങളിൽ നിന്ന് പോലീസ് ഫോൺ പിടിച്ചെടുത്തതായും യുവതിയുടെ പിതാവിനെ മർദിച്ചതായും ആരോപണമുണ്ട്.
അതേസമയം രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്നും ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.