കാസര്‍കോട് പൂര്‍ണ അടച്ചിടൽ; മൂന്നു ജില്ലകളില്‍ ഭാഗിക അടയ്ക്കൽ

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനുള്ള കർശന നടപടികളുടെ ഭാഗമായി കാസർകോട് ജില്ല പൂർണമായി അടച്ചിടും.
കണ്ണൂർ, എറണാകുളം,പത്തനംതിട്ട ജില്ലകളിൽ ഭാഗിക അടച്ചിടലിനും തീരുമാനമായി.

കേന്ദ്ര നിർദ്ദേശം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി ചേർന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ അവശ്യസർവ്വീസുകൾ മാത്രമെ അനുവദിക്കുകയുള്ളു.
കൊറോണ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കാസർകോട് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്നതിന് കാസർകോട്ട് നിയന്ത്രണമുണ്ടാകും.

മുഖ്യമന്ത്രിയും തലസ്ഥാനത്തുണ്ടായിരുന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.