ലണ്ടൻ: കടക്കെണിലാണെന്ന് പറഞ്ഞിട്ടും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ പരാമർശം നിഷേധിച്ച് അനിൽ അംബാനി. തന്റെ ജീവിതം വളരെ അച്ചടക്കം നിറഞ്ഞതാണെന്നും മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഇല്ലാത്ത മാരത്തൺ ഓട്ടക്കാരന്റേത് പോലെയാണ് .ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ പരാമർശം തെറ്റാണെന്നും അനിൽ അംബാനി കോടതിയിൽ പറഞ്ഞു. മക്കളോടൊപ്പം പുറത്തുപോയി സിനിമ കാണുന്നതിനേക്കാൾ കൂടുതൽ വീട്ടിലിരുന്നാണ് സിനിമ കാണാറ്. തന്റെ ആവശ്യങ്ങൾ വിശാലമല്ല. ജീവിത ശൈലി അച്ചടക്കം നിറഞ്ഞതാണെന്നും സസ്യാഹാരിയാണെന്നും അംബാനി വ്യക്തമാക്കി.
വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടർന്ന് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനിൽ അംബാനിക്കെതിരെ ലണ്ടൻ കോടതിയെ സമീപിച്ചത്. 700 ബില്ല്യൺ ഡോളർ നഷ്ടപരിഹാരമാണ് ചൈനീസ് ബാങ്കുകൾ ആവശ്യപ്പെട്ടത്. 2012ൽ റിലയൻസ് കമ്മ്യൂണിക്കേഷന് വേണ്ടിയാണ് പേഴ്‌സണൽ ഗ്യാരന്റിയിൽ ചൈനീസ് ബാങ്കുകൾ അനിൽ അംബാനിക്ക് വായ്പ നൽകിയത്. വായ്പ തിരിച്ചടക്കാതിരിക്കാൻ അനിൽ അംബാനി പല്ലും നഖവും ഉപയോഗിച്ച് പോരാടുകയാണെന്നും ബാങ്കുകളുടെ വക്കീൽ പറഞ്ഞു.
മുംബൈയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് അംബാനി കോടതി നടപടികളിൽ പങ്കെടുത്തത്. തന്റെ ആസ്തി പൂജ്യമാണെന്ന് അനിൽ അംബാനി നേരത്തെ പറഞ്ഞിരുന്നു. കേസുകൾ നടത്താൻ ആഭരണങ്ങൾ വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനിൽ അംബാനി പറഞ്ഞിരുന്നു.
2020 ജനുവരി ജൂൺ മാസങ്ങളിൽ താൻ കൈയ്യിലുള്ള ആഭരണങ്ങൾ വിറ്റെന്നും ഇതിൽ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാൽ ഇത് ഇപ്പോഴത്തെ അവസ്ഥയിൽ വലിയ തുകയല്ല. ഇത് നിയമ നടപടികൾക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നിറം പിടിപ്പിച്ചതാണെന്നും അനിൽ അംബാനി കോടതിയെ അറിയിച്ചു.