ചെങ്ങന്നൂരിലെ പഞ്ചലോഹ വിഗ്രഹം കവർന്ന കേസിൽ ദുരൂഹത; മൊഴികളിൽ വൈരുദ്ധ്യം

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാലയിൽ നിന്ന് രണ്ടു കോടി വരുന്ന പഞ്ചലോഹ വിഗ്രഹം തൊഴിലാളികളെ ആക്രമിച്ച് കവർന്ന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. രണ്ടു കോടി വരുന്ന പഞ്ചലോഹ വിഗ്രഹം ആണ് ഇന്നലെ രാത്രിയോടെ കവർന്നത്. ചെങ്ങന്നൂർ തട്ടാ വിളയിൽ മഹേഷ് പണിക്കർ , പ്രകാശ് പണിക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം.

ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകൾ പറഞ്ഞു. എന്നാൽ ഇത്ര ഭാരമുള്ള വിഗ്രഹം ബൈക്കിൽ കൊണ്ടുപോകാൻ സാധിക്കില്ലെന്നും ഉടമകളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പോലീസ് പറയുന്നു. പോലീസ് ഇതുവരെ നഷ്ടം കണക്കാക്കിയിട്ടില്ല.

ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് മോഷ്ടിച്ചത്. സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് വിവരം. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിലൊരാൾ പ്രദേശവാസിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങുന്നത്. തുടർന്ന് മർദ്ദനമേറ്റയാൾ സുഹൃത്തുക്കളുമായി ഒട്ടേറെ ബൈക്കുകളിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ ആറ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥാപനത്തിലെ സിസിടി ക്യാമറ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ പോലീസ് സമീപത്തുള്ള ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. വിഗ്രഹം നഷ്ടപ്പെട്ടുവെന്ന് പറയുന്ന മൊഴികൾ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.