കടന്നുകയറ്റം നടത്തിയ ചൈനീസ് സൈന്യം ആദ്യം പിൻമാറണമെന്ന് ഇന്ത്യ ; കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി: കടന്നുകയറ്റം നടത്തിയ ചൈനീസ് സൈന്യം ആദ്യം പിൻമാറണമെന്ന ഇന്ത്യൻ സൈന്യത്തിന്റെ നിലപാട് ചർച്ചയിൽ ഇന്ത്യ ഇന്ന് മുന്നോട്ട് വെക്കും. എന്നാൽ ഇന്ത്യൻ സൈന്യം പിന്മാറണം എന്നാണ് ചൈനയുടെ നിലപാട്. അതിര്‍ത്തിയിലെ ഇന്ത്യ-ചൈന തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലുള്ള കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ഇരു രാജ്യങ്ങളുടെയും സൈനിക നേതാക്കള്‍ തമ്മിലുള്ള ആറാം ഘട്ട കൂടിക്കാഴ്ചയാണിത്.

ഇന്ത്യയുടേയും ചൈനയുടേയും സൈനിക മോള്‍ഡോയില്‍ ആണ് കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനും ഇത്തവണ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അഞ്ചിന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഈ മാസം ആദ്യം ചൈനീസ് വിദേശകാര്യമന്ത്രിയുമായി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അംഗീകാരം നല്‍കിയിരുന്നു. അന്ന് ഉണ്ടാക്കിയ കരാറുകൾ യോഗത്തില്‍ പ്രധാനമായും ചർച്ചയാകും.

ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് ഇന്നത്തെ ഇന്ത്യ-ചൈന കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നലകും. മേജര്‍ ജനറല്‍ അഭിജിത് ബാപ്പത്, പാദം ശെഖാവത്ത്, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിക്കും. മേജര്‍ ജനറല്‍ ലിന്‍ ലിയു ചൈനീസ് സംഘത്തിന് നേതൃത്വം കൊടുക്കും.