തൃശൂർ: ക്വാറന്റൈൻ മുദ്രയുള്ളവർ ബസിൽ യാത ചെയ്യവേ സംശയം തോന്നിയ നാട്ടുകാർ
കെ എസ് ആർ ടി സി തടഞ്ഞു.
വിദേശത്തുനിന്നും എത്തിയവരാണ് വീടുകളിലേക്കുപോകാൻ കെഎസ്ആർടിസി ബസിൽ കയറിയത്.വിവരം അറിഞ്ഞ നാട്ടുകാർ ബസ് തടഞ്ഞ് ഇവരെ ആരോഗ്യപ്രവർത്തകർക്കു കൈമാറി. ചാലക്കുടിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
ഷാർജയിൽനിന്ന് എത്തിയ തൃശൂർ തൃപ്പയാർ സ്വദേശിയും മണ്ണൂത്തി സ്വദേശിയുമാണ് കൊറോണ നിർദേശം മറികടന്ന് ബസിൽ യാത്ര നടത്തിയത്. ഇവർ ഇന്നലെയാണ് ഷാർജയിൽ നിന്നും ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇവരെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് കൈയിൽ മുദ്ര പതിപ്പിച്ചു. ഇന്ന് രാവിലെ നെടുമ്പാശേരിയിൽ വന്നിറങ്ങിയ ശേഷം ഇരുവരും അങ്കമാലിവരെ സ്വകാര്യവാഹനത്തിൽ സഞ്ചരിച്ചു. പിന്നീട് അങ്കമാലിയിൽനിന്നും എസി ലോ ഫ്ളോർ ബസിൽ തൃശൂരിലേക്ക് വരികയായിരുന്നു. കൈയിലെ മുദ്രകണ്ട് സംശയം തോന്നിയ ചിലരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
ഇതോടെ ചാലക്കുടിയിൽ നാട്ടുകാർ ബസ് തടഞ്ഞു. നാൽപതോളം യാത്രക്കാരുമായി ബസ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് ബസ് വ്യത്തിയാക്കിയ ശേഷമാണ് യാത്ര തുടർന്നത്.