ന്യൂഡെൽഹി: ദുഷ്യന്ത് സിംഗ് എം പിയുമായി ഇടപഴകിയ 92 എം പിമാർ കൊറോണ ഭീതിയിൽ. രാഷ്ട്രപതി രാംനാഥ് കോവിന്ദും എല്ലാ പരിപാടികളും റദ്ദാക്കി.ബോളിവുഡ് ഗായിക കനിക കപൂർ ലണ്ടനിൽനിന്ന് തിരിച്ചെത്തിയ ശേഷം സമ്പർക്ക വിലക്ക് ലംഘിച്ച് ലക്നൗവിൽ പങ്കെടുത്ത പാർട്ടിയിൽ ദുഷ്യന്ത് സിങ് എംപിയുമുണ്ടായിരുന്നു. ഇതിന് ശേഷം രാഷ്ട്രപതി ഭവനിൽ എംപിമാരുടെ ഒരു പരിപാടിയിൽ ദുഷ്യന്ത് സിങ് പങ്കെടുത്തു. ഇതോടെ ഇവിടെയെത്തിയ 96 എംപിമാരും കൊറോണ ഭീതിലായി.
കനിക കപൂറിന് കൊറോണ പോസീറ്റിവായതോടെ ഇവരുമായി ഇടപഴകിയ ദുഷ്യന്ത് സിങ്ങും ബിജെപി നേതാവ് വസുന്ധര രാജെയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. മുൻകരുതലെന്ന നിലയിലാണ് താനും മകനും സ്വയം സമ്പർക്ക വിലക്കിൽ തുടരുന്നതെന്ന് വസുന്ധര രാജെ അറിയിച്ചിരുന്നു.
ദുഷ്യന്ത് സിംഗിനൊപ്പം പരിപാടിയിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, കേന്ദ്രമന്ത്രി അർജുൻ റാം മോഘവാൾ, ഹേമമാലിനി, കോൺഗ്രസ് എംപി കുമാരി സെൽജ, ബോക്സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരെല്ലാം നിരീക്ഷണത്തിൽ കഴിയാനുള്ള തീരുമാനത്തിലാണ്.
നിർദ്ദേശങ്ങൾ ലംഘിച്ച് രോഗവിവരം മറച്ചുവെച്ച് രോഗവ്യാപനത്തിന് ഇടയാക്കിയതിന് കനികയ്ക്കെതിരേ യുപി പോലീസ് കേസെടുത്തു. ലക്നൗ ചീഫ് മെഡിക്കൽ ഓഫീസറുടെ പരാതിയിൽ സരോജിനി നഗർ പോലീസാണ് കേസെടുത്തത്. ഐപിസി 269, 270, 188 എന്നീ വകുപ്പുകൾ പ്രകാരമാണ് കനികയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കമ്മീഷ്ണർ സുർജിത്ത് പാണ്ഡെ വ്യക്തമാക്കി. നിലവിൽ ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് കനിക.
ലണ്ടനിലെ സംഗീതപരിപാടി കഴിഞ്ഞ് മാർച്ച് 15-ന് കനിഹ കപൂർ ലഖ്നൗവിൽ തിരിച്ചെത്തിയ ശേഷമാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചത്. സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ച് കനിഹ നിരവധി പാർട്ടികളിലും പരിപാടികളിൽ പങ്കെടുത്തിരുന്നു. കനികയ്ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ, ലഖ്നൗവിൽ അവർ താമസിച്ച ട്രാൻസ്-ഗോമതി പ്രദേശം അടച്ചു. ഇവിടുത്തെ അവശ്യ സാധന കേന്ദ്രങ്ങൾ ഒഴികെ എല്ലാം അടയ്ക്കാൻ ഇന്നലെ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.