കൊറോണ താണ്ഡവം; മരണ നിരക്കിൽ ഇറ്റലി ചൈനയെ മറികടന്നു

റോം: കൊറോണ വൈറസ് ഇറ്റലിയിലും യൂറോപ്പിലും മഹാവിപത്തായി മാറുന്നു. മരണസംഖ്യയിൽ ഇറ്റലി ചൈനയെക്കാൾ മുന്നിലായി.ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4032 ആയി. ഇന്നലെ മാത്രം 627 പേർ മരിച്ചെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ മരണ നിരക്ക് ഇനിയും കൂടുമെന്ന ഭീതിയിലാണ് സർക്കാർ.രോഗബാധിതരായ നിരവധി പേർ ചികിൽസയിലാണ്. അനേകർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നുമുണ്ട്. ഇതാണ് ഇറ്റലിയിലെ ആശങ്ക വർധിപ്പിക്കുന്നത്.
ലോകമെങ്ങും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്നലെ 11000 കവിഞ്ഞു. യൂറോപ്പിൽ മാത്രം 5000 പേരാണ് മരിച്ചത്. സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതായാണ് റിപ്പോർട്ട്.

സ്പെയിനിൽ മരണസംഖ്യ ആയിരം കടന്നു. കൊറോണ ലോകമെമ്പാടും 260,000 പേരിലേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ. രോഗം പൊട്ടി പുറപ്പെട്ട ചൈനയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ട്.ഇവിടെ 87,000 പേർ രോഗമുക്തി നേടിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ എത്ര പേർ മരിച്ചു എന്നതിന്റെ യഥാർഥ ചിത്രമല്ല പുറത്തു വന്നിരിക്കുന്നതെന്ന് ലോക രാജ്യങ്ങൾ സംശയിക്കുന്നു.