കൂടുതൽ കൊറോണ പരിശോധനകൾ നടത്തിയത് അമേരിക്കയിൽ; നരേന്ദ്രമോദിയും അഭിനന്ദിച്ചു: ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ പരിശോധനകൾ നടത്തിയത് അമേരിക്കയാണെന്നതിനാൽ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കഴിഞ്ഞെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിപുലമായ പരിശോധനകൾ നടത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിനന്ദിച്ചതായി ട്രംപ് പറഞ്ഞു.

റെനോയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്രമോദി എന്നെ വിളിക്കുകയും എന്നെ പ്രശംസിക്കുകയും ചെയ്തിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയേക്കാളും മറ്റു പല രാജ്യത്തെക്കാളും കൂടുതൽ പരിശോധനകൾ അമേരിക്കയിൽ നടത്തിയെന്നും ട്രംപ് പറഞ്ഞു.

കൊറോണ പരിശോധനയിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്ത് ആണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ 44 ദശലക്ഷം പരിശോധനകൾ അമേരിക്കയിൽ കൂടുതലായി നടത്തിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി കൈകാര്യം ചെയ്യുന്നതിൽ ജോ ബൈഡൻ ഒരു തികഞ്ഞ പരാജയമായിരുന്നുവെന്നു ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തു.