കോട്ടയം: നിയമസഭയിൽ അഞ്ച് പതിറ്റാണ്ട് പുതുപ്പള്ളിയെ പ്രതിനിധീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷം കോട്ടയത്ത് 17ന് നടക്കും. “സുകൃതം, സുവർണം’’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി വൈകീട്ട് അഞ്ചിന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും നിന്ന് ഒരേസമയം വീക്ഷിക്കാവുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന പരിപാടി സൂമിലൂടെയാണ് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്. വിവിധ മേഖലകളിലെ 50 പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയ ദേശീയ നേതാക്കളും സൂമിലൂടെ പരിപാടിയിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യുഡിഎഫ്, എൽഡിഎഫ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
പുതുപ്പള്ളിയിൽ 17 നു രാവിലെ ഒമ്പതു മുതൽ വിവിധ സ്ഥലങ്ങളിലായി ആഘോഷ പരിപാടികൾ നടക്കും. നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഉമ്മൻചാണ്ടി നേരിട്ടെത്തും.
വൈകിട്ട് ഉമ്മൻ ചാണ്ടിയുടെ ലൈഫ് സ്കെച്ച് അവതരിപ്പിച്ചാണ് ആഘോഷങ്ങൾ തുടങ്ങുക. ചടങ്ങിൽ ഓൺലൈനിലൂടെ പ്രമുഖക്കൊപ്പം സംസ്ഥാനത്ത് ഏതു ഭാഗത്തുനിന്നും താൽപര്യമുള്ളവർക്ക് തത്സമയം പങ്കെടുക്കുന്നതിന് സംഘാടകർ അവസരം ഒരുക്കുന്നുണ്ട്.
വെർച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന ചടങ്ങ് 16 ലക്ഷത്തിൽ അധികം പേർ തത്സമയം വീക്ഷിക്കുമെന്നാണ് സംഘാടക സമിതിയുടെ കണക്കുകൂട്ടൽ.