കണ്ണൂർ: പാനൂരിൽ പ്രസവത്തെ തുടർന്ന് യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും സ്ഥലം മാറ്റിയതിനെതിരേ പ്രതിഷേധം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും നഴ്സിനെയും സ്ഥലം മാറ്റിയതിനെതിരേ കേരളാ ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വെള്ളിയാഴ്ച (കെജിഎംഒഎ) പ്രതിഷേധ ദിനം ആചരിക്കും.
അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ട മാരും നഴ്സുമാരും വീടുകളിൽ പോയി രോഗികളെ ചികിൽസിക്കാറില്ലെന്ന് കെജിഎംഒഎ ജില്ലാ ഘടകം അറിയിച്ചു.
ഗർഭിണി വീട്ടിൽ പ്രസവിച്ചതിൻ്റെ
തലേ ദിവസം രാത്രി മുതൽ തന്നെ പ്രസവ വേദന അനുഭവപെട്ടിരുന്നു. അര കിലോമീറ്റർ പരിധിയിൽ ആശുപത്രി ഉണ്ടായിരുന്നിട്ടും കൃത്യസമയത്തു ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരേയൊരു ഡോക്ടർ ഒരു സാഹചര്യത്തിലും ആശുപത്രിയിൽ നിന്നു പുറത്തു പോയി ചികിത്സ നൽകുന്ന ഏർപ്പാട് നിലവില്ല. ഡോക്ടർ ഇല്ലാത്ത സമയത്ത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്കു ഉണ്ടാവുന്ന ഏതു ബുദ്ധിമുട്ടും പരിഹരിക്കാൻ സംവിധാനമില്ലെന്നിരിക്കെ ഡോക്ടർമാരെ പഴിചാരുന്നത് ശരിയല്ലെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ഡോക്ടറെ കൂട്ടിക്കൊണ്ട് വരാൻ അയച്ച ഫയർ ഫോഴ്സ് വാഹനത്തിൽ ഗർഭിണിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്കു കൊണ്ട് വന്നിരുന്നെങ്കിൽ ഒരു പക്ഷെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി.
അതേസമയം പാനൂരിൽ പ്രസവത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥ മൂലമാണ് മരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പോലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന മാണിക്കോത്ത് ഹനീഫ – സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മാസം തികയാതെ ആയിരുന്നു കുഞ്ഞു ജനിച്ചത്.
പ്രസവ തിയതി അടുത്തിരുന്നില്ല. എങ്കിലും രാവിലെ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്തിനെ തുടർന്ന് സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചെന്ന് ഡോക്ടർ വീട്ടിലേക്ക് വരണമെന്ന് അഭ്യർഥിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഡോക്ടർ കൃത്യ സമയത്ത് ഇടപെട്ടിരുന്നെങ്കിൽ കുഞ്ഞ് മരിക്കില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇതിൻ്റെ പേരിലാണ് ആരോഗ്യമന്ത്രി നഴ്സിനെയും ഡോക്ടറെയും സ്ഥലം മാറ്റി ഉത്തരവിട്ടത്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ വരുന്ന പ്രദേശമാണ് പാനൂർ.