കൊച്ചി: ട്രെയിൻ സർവീസുകൾ നിർത്തിയതോടെ തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ നോണ്‍ സ്റ്റോപ് എസി മള്‍ട്ടി ആക്സില്‍ സര്‍വിസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി. നാളെയും പിന്നീട് 14 മുതല്‍ 18 വരെയുമാണ് സര്‍വിസ്. സര്‍വീസിൻ്റെ നേട്ടം അറിഞ്ഞശേഷം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും.
തിരുവനന്തപുരം-എറണാകുളം സെക്ടറില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി പ്രതിദിനം നിരവധി പേര് യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് നോണ്‍ സ്റ്റോപ് എ.സി സര്‍വിസ് ആരംഭിക്കുന്നതെന്നും ഈ സെക്ടറില്‍ ഒാടിയിരുന്ന ട്രെയിനുകള്‍ നിര്‍ത്തലാക്കിയതും പുതിയ സര്‍വിസിന് പ്രേരണയായെന്നും കോര്പറേഷന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്തുനിന്ന് തിരിക്കുന്ന പല ട്രെയിനുകളിലും എ.സി ചെയര്‍കാര്‍ യാത്ര പലപ്പോഴും കിട്ടാക്കനിയാണ്.നിര്‍ത്തലാക്കുന്നതില്‍ ജനശതാബ്ദിയടക്കം സ്പെഷല്‍ ട്രെയിനുകളും ഉള്‍പ്പെടും. പുതിയ സര്‍വിസ് യാത്രസമയം കൃത്യമായി പാലിക്കുമെന്ന ഉറപ്പും കെഎസ്ആര്‍ടിസി നല്‍കുന്നുണ്ട്.
ഒൗദ്യോഗിക ആവശ്യത്തിനും മറ്റും പോകുന്നവര്‍ക്ക് രാവിലെ 10നുമുമ്പ് എറണാകുളത്ത് എത്തുന്ന വിധമാണ് സര്‍വിസ്. രാവിലെ 5.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 9.30ന് എറണാകുളത്ത് എത്തി വൈകീട്ട് ആറിന് തിരിച്ച് 10ന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സര്‍വിസിന്‍െറ ക്രമീകരണം. റിസര്‍വ് ചെയ്യാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്: www.online.keralartc.com. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ സര്‍വിസ് ആരംഭിക്കുമെന്നും കോര്പറേഷന് അറിയിച്ചു.