ന്യൂഡൽഹി: രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 സംസ്ഥാനങ്ങളിൽ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച മൂന്ന് പേരടക്കമാണ് 171 രോഗ ബാധിതർ. ഇതിൽ 25 പേർ വിദേശികളാണ്. മഹാരാഷ്ട്രയിൽ ഇന്ന് പുതുതായി രണ്ടു പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയവർക്കാണ്
രോഗം സ്ഥിരീകരിച്ചത്.
രാജ്യമെമ്പാടും 168 ട്രെയിനുകൾ റദ്ദാക്കി.
ഹരിയാണയിലാണ് ഏറ്റവും കൂടുതൽ വിദേശികൾക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികൾക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്.
രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ. 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാമതുള്ള കേരളത്തിൽ പുതിയ കേസുകളൊന്നും രണ്ടു ദിവസമായി റിപ്പോർട്ട് ചെയ്തിട്ടില്ല. 27 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായി ചികിത്സയിലുള്ളത്.
രോഗവ്യാപനം തടയാൻ രാജ്യമെമ്പാടും 168 ട്രെയിനുകൾ റദ്ദാക്കി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചു. 20 മുതൽ 31 വരെയുള്ള കാലയവളിൽ സർവീസ് നടത്താനിരുന്ന 168 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പല സോണുകളും നേരത്തേ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു. സംസ്ഥാന സർക്കാരുകൾ പരിശോധനയും കർശനമാക്കിയിരുന്നു.