കൊച്ചി: കപ്പൽ ശാലയിലെ മോഷണ കേസിൽ പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ നിന്നും മോഷണം നടത്തിയ ഇരു പ്രതികൾക്കുമെതിരെ സൈബർ ഭീകരവാദ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബീഹാര്‍ സ്വദേശി സുമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ദയറാം എന്നിവരായിരുന്നു അറസ്റ്റിലായിരുന്നത്.
ഇവർക്കെതിരെയുള്ള രാജദ്രോഹ വകുപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്.
കേസിലെ ചാരപ്രവര്‍ത്തന സാദ്ധ്യത എന്‍ഐഎ നേരത്തെ തന്നെ തള്ളിയിരുന്നു. കപ്പലിൽ നിന്നും മോഷ്ടിച്ച ഹാർഡ് ഡിസ്കിലെ വിവരങ്ങൾ പ്രതികൾ പരിശോധിച്ചിട്ടുണ്ട് എന്ന് എൻഐഎ കണ്ടെത്തി. അഞ്ചു ഡിസ്കുകളിലെ ഒരു ഡിസ്കിൽ ഉണ്ടായിരുന്ന വിവരങ്ങൾ പൂർണമായും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇൗ വിവരങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും എൻ ഐ എ അന്വേഷിക്കും.
കൊച്ചിന്‍ ഷിപ്പിയാഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആണ് മോഷണം നടന്നത്. അഞ്ച് വീതം മൈക്രോ പ്രൊസസറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, റാമുകള്‍ എന്നിവയാണ് കപ്പലിൽ നിന്നും മോഷണം പോയത്. കേരള പോലിസ് ആരംഭത്തിൽ അന്വേഷിച്ച കേസ് പിന്നീട് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.