വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വത്തിനുള്ള മത്സരത്തിൽ എതിരാളിയെ പിന്നിലാക്കി മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നേറ്റം. മൂന്നു സംസ്ഥാനങ്ങളിൽ നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയമുറപ്പിച്ചു. ഇതോടെ പ്രധാന എതിരാളി വെർമോണ്ട് സെനറ്റർ ബേണി സാൻഡേഴ്സിന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു സാധ്യത മങ്ങി.
ഇല്ലിനോയിസ്, ഫ്ലോറിഡ, അരിസോണ സംസ്ഥാനങ്ങളിലാണ് ചൊവ്വാഴ്ച പ്രൈമറി നടന്നത്. മൊത്തം 441 പ്രതിനിധികളുള്ള ഈ മൂന്നു സംസ്ഥാനങ്ങളിലും സാൻഡേഴ്സിനെക്കാൾ മുന്നിലെത്തിയതോടെ ബൈഡനു പ്രസിഡന്റ് സ്ഥാനാർഥിത്വം ഉറപ്പായി. മൂന്നിടങ്ങളിലേയും അന്തിമഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
ആകെയുള്ള 3,979 പ്രതിനിധികളിൽ കുറഞ്ഞത് 1,991 പേരുടെ പിന്തുണ ലഭിച്ചാലേ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റ് കിട്ടൂ. ജൂലൈയിലാണ് ഡെമോക്രാറ്റിക് കൺവൻഷൻ.