ന്യൂഡെൽഹി: അതിർത്തിയിൽ സ്ഥിതി സങ്കീർണമായി തുടരുന്നതിനിടെ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്തി. സുരക്ഷാ അവലോകനം ചെയ്യുന്നതിനായി ജനറല്‍ എംഎംനരവാനേ ഇന്ന് രാവിലെ ലഡാക്കിലെ ലേ പ്രദേശത്ത് എത്തിച്ചേര്‍ന്നതായി പ്രതിരോധ മന്ത്രാലയം. ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനെ തുടര്‍ന്ന് ഇന്നലെ മ്യാന്മാര് യാത്ര റദ്ദാക്കിയ നരവാനേ ലഡാക്കിലെ മൂന്ന് മേഖലയിലെ സൈനിക വിന്യാസം ഇന്ന് വിലയിരുത്തും.
രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, മൂന്ന് മാസത്തിലേറെയായി ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ നിർത്തി വയ്ക്കേണ്ടി വന്ന സൈനികരുടെ ഓപ്പറേഷനുകളുടെ തയ്യാറെടുപ്പുകളും കരസേനാ മേധാവി അവലോകനം ചെയ്യും.
പാങ്കോംഗ് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം ടാങ്കുകളും വിമാനവേധ പീരങ്കികളും, മിസൈലുകളും നിരത്തുന്നതില്‍ ഇന്ത്യന്‍ സേന വിജയിച്ചുവെന്നും സേനകളെ ഫിംഗര്‍ പ്രദേശങ്ങളില്‍ വിന്യസിച്ചതായും കഴിഞ്ഞ ദിവസം ഇന്ത്യന്‍ കരസേന അറിയിച്ചിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി ചൈനീസ് സൈന്യം ഫിംഗർ 4 മുതൽ ഫിംഗർ 8 വരെ കൈവശപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ യഥാർത്ഥ നിയന്ത്രണരേഖയിലെ ഇന്ത്യയുടെ ഭാഗത്ത് ഇന്ത്യന്‍ സേന അതിശക്തമായ സൈനിക വ്യൂഹം ഇന്ത്യ തീര്‍ത്തിട്ടുണ്ട്.