ലോക്ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങളുടെ നീക്കത്തെ വിമർശിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കാനുള്ള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമർശിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ്‌.

കൊറോണ വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ നീക്കുന്നതിനെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്ന രാജ്യങ്ങൾ വൈറസ് വ്യാപനം അടിച്ചമർത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിന് കാരണമാകുന്ന കാര്യങ്ങൾ കാര്യങ്ങൾ തടയുക, ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുക, സ്വയം സംരക്ഷിക്കുന്നതിനുളള നടപടികൾ ജനങ്ങൾ സ്വയം കൈക്കൊളളുക, രോഗബാധിതരെ വേഗത്തിൽ കണ്ടെത്തുകയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുക, പരിശോധനകൾ നടത്തുക, രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ വേഗത്തിൽ കണ്ടെത്തുകയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങൾ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ കൊറോണ വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന നടത്തിയ സർവേയിൽ 105 രാജ്യങ്ങൾ പങ്കെടുത്തു.