പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ; ചടങ്ങുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്

ന്യൂഡെൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ഡെൽഹിയിൽ. ഉച്ചതിരിഞ്ഞ് രണ്ടിന് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാര ചടങ്ങുകൾ. പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡെൽഹിയിലെ സൈനിക ആശുപത്രിയിൽ ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഡെൽഹിയിലെ ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ മകൻ അഭിജിത് മുഖർജിയാണ് അദ്ദേഹത്തിന്‍റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവർ പ്രണബ് മുഖർജിക്ക് ആദരമർപ്പിച്ചു. പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രസർക്കാർ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു.

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.