മുംബൈ: കൊറോണ വൈറസ് ബാധിച്ചവർ സംസ്ഥാനത്ത് പെരുകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈയിൽ മുദ്രപതിപ്പിക്കാൻ സർക്കാർ തീരുമാനം.
ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന ഏഴു പേർ ചാടിപ്പോയതിനെ തുടർന്നാണ് നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാൻ പുതിയ രീതി നടപ്പാക്കുന്നത്.
നിരീക്ഷണത്തിലുള്ളവരുടെ ഇടതു കൈയിലാണ് സീൽ പതിപ്പിക്കുന്നത്. ഇവരെ എളുപ്പത്തിൽ തിരിച്ചറിയാനാണ് സീൽ പതിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വീടുകളിൽ നിരീക്ഷണം നിർദേശിക്കുന്നവരുടെ ഇടത് കൈയുടെ പിൻവശത്ത് 14 ദിവസം വരെ നീണ്ടുനിൽക്കുന്ന മഷി ഉപയോഗിച്ച് നീരീക്ഷണത്തിലുള്ള ദിവസം അടയാളപ്പെടുത്തി സീൽ പതിപ്പിക്കണമെന്ന് ഗ്രെയിറ്റർ മുംബൈ മുനിസിപ്പൽ കമ്മീഷണർ പ്രവീൺ പ്രദേശി ബന്ധപ്പെട്ട ആശുപത്രികളിലേയും വിമാനത്താവളങ്ങളിലേയും ജീവനക്കാർക്ക് നിർദേശം നൽകി.
തെരഞ്ഞെടുപ്പിൽ കൈവിരലിൽ പുരട്ടാൻ ഉപയോഗിക്കുന്ന മഷി ഉപയോഗിച്ചാണ് മുദ്രപതിപ്പിക്കുന്നത്. ഏതെങ്കിലും വ്യക്തി നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ നിരീക്ഷണത്തിൽനിന്ന് പുറത്തുപോകുകയോ ചെയ്താൽ സർക്കാർ ശിക്ഷാർഹമായ കുറ്റമാക്കിയിരുന്നു.