കൊറോണ വാക്സിൻ: ഉടമസ്ഥതയ്ക്കായി യുഎസ് – ജർമ്മൻ തർക്കം

ബെർലിൻ: ലോകത്തെ ഭീതിയിലാക്കിയ കൊറോണയ്ക്ക് വാക്സിൻ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ജർമൻ കമ്പനിയിൽനിന്ന് അതിന്റെ പൂർണാവകാശം സ്വന്തമാക്കാനുള്ള യു.എസ് ശ്രമത്തിനെതിരേ ജർമ്മനി.
വാക്സിൻ കണ്ടെത്താൻ ഗവേഷണം നടത്തുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനി ക്യൂവാക്കിന് നൂറുകോടി ഡോളർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്.

എന്നാൽ വാക്സിന്റെ അവകാശം സ്വന്തമാക്കാൻ യു.എസിനെ അനുവദിക്കില്ലെന്നും മരുന്നുകണ്ടെത്താനായാൽ അത് ലോകത്തിനുവേണ്ടി ഉപയോഗിക്കുമെന്നും ജർമ്മൻ മന്ത്രിമാർ വ്യക്തമാക്കി. ‘ജർമനി വിൽപ്പനയ്ക്കുള്ളതല്ല’ എന്നായിരുന്നു സാമ്പത്തികകാര്യ മന്ത്രി പീറ്റർ അൽതമെയിറിന്റെ പ്രതികരണം.
ആഗോളതലത്തിൽ വാക്സിനായുള്ള പഠനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നത് ജർമൻ ഗവേഷകരാണെന്ന് വിദേശകാര്യമന്ത്രി ഹെയ്കോ മാസ് പറഞ്ഞു. ഗവേഷണഫലം ഒരാളെ മാത്രമായി കൈക്കലാക്കാൻ അനുവദിക്കില്ല. അന്താരാഷ്ട്രസഹകരണമാണിപ്പോൾ പ്രധാനം. ഒരു പ്രത്യേക രാജ്യത്തിന്റെ താത്പര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കമ്പനി ട്രംപ് ഭരണകൂടം ഏറ്റെടുക്കുന്നത് പരിഗണനയിൽപ്പോലുമില്ലെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. ഒരു രാജ്യത്തിനുമാത്രമായി വാക്സിൻ വിൽക്കില്ലെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ബേയ്ഡൻ വുർട്ടംബെർഗ് കേന്ദ്രമായി 2000-ൽ തുടങ്ങിയ കമ്പനിയാണ് ക്യൂർവാക്. ഫ്രാങ്ക്ഫർട്ട്, ബോസ്റ്റൺ എന്നിവിടങ്ങളിലും ശാഖകളുണ്ട്.
ലോകമെമ്പാടും ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും കൊറോണ ക്കെതിരേ വാക്സിൻ കണ്ടെത്താനുള്ള തീവ്രയത്നത്തിലാണ്.