ഞെട്ടൽ മാറാതെ ഡൽഹി; മരണം 38

ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സംഘർഷത്തിന് നേരിയ അയവ്. രണ്ടു ദിവസമായി പുറമെ എല്ലാം കുറച്ച് ശാന്തമാണ്. എന്നാൽ സംഘർഷം ഉയർത്തിവിട്ട ഭീതിയിൽ നിന്ന് നഗരവാസികൾ മുക്തരായിട്ടില്ല. അനിഷ്ടസം ഭവങ്ങൾ ഇനി ഉണ്ടാകരുതെന്നാണ് എല്ലാ വിഭാഗത്തിന്റെയും പ്രാർഥന. അർധസൈനികർ കാവലുറപ്പിച്ചതും സമൂഹത്തിന്റെ ജാഗ്രതയും ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ സഹായകമായിട്ടുണ്ട്. എങ്കിലും സംഘർഷ അന്തരീക്ഷത്തിന് പൂർണ ശമനമായിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്.

കനത്ത ജാഗ്രതയിലും ചാന്ദ്ബാഗ്, ശിവവിഹാർ, ബ്രിജ്പുരി മേഖലകളിൽ ബുധനാഴ്ച രാത്രി അകമികൾ കടകൾക്കും വാഹനങ്ങൾക്കും സ്കൂളുകൾക്കും തീയിട്ടു. പ്രദേശത്തെ മസ്ജിദിനുനേരെയും അക്രമമുണ്ടായി. വിവിധ
അക്രമങ്ങളിൽ 130-ലേറെപ്പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും 48 എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപവീതവും ആശ്വാസധനം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രഖ്യാപിച്ചു.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രത്യേകാന്വേഷണ സംഘങ്ങളുണ്ടാക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചു.