മോസ്കോ: ലോക ടെന്നീസിലെ മുൻ ഒന്നാം നമ്പർ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ

ടെന്നീസില്‍ നിന്ന് വിരമിച്ചു.

തോളിലെ പരിക്ക് കാരണം ദീര്‍ഘകാലമായി മൽസര രംഗത്ത് സജീവമല്ലായിരുന്നു ഈ 32കാരി. ഷറപ്പോവ ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. അതിൽ പരാജയപ്പെടുകയും ചെയ്തു.  തിരിച്ചുവരവിനുള്ള സാധ്യതകളറിയാനാണ് അവർ ഇത്തവണ കളിക്കളത്തിലിറങ്ങയത്. ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് ഇപ്പോഴത്തെ വിരമിക്കൽ.

2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയതോടെയാണ് ഷറപ്പോവ ടെന്നീസ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായത്.

ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും(2012, 2014) യുഎസ് ഓപ്പണ്‍(2006), ഓസ്ട്രേലിയന്‍ ഓപ്പണ്‍(2008) എന്നിവയില്‍ ഓരോ തവണയും കിരീടം നേടിയാണ് ഷറപ്പോവ ഗ്രാന്‍സ്ലാമിന്‍റെ നെറുകയിലെത്തിയത്.2015 ഓഗസ്റ്റില്‍ ഷറപ്പോവ വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. 2016ല്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 15 മാസത്തെ വിലക്ക് നേരിടുകയും ചെയ്തു. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വനിതാ താരമാണ് ഷറപ്പോവ.മോഡലിംഗിലൂടെ കോടികളാണ് ഇവരുടെ വരുമാനം.