വാഷിംഗ്ടൺ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് (90) ന്യൂജേഴ്സിയിൽ അന്തരിച്ചു. പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പ്രശസ്ത ഹിന്ദി സംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ് ജസ് രാജിൻ്റെ ഭാര്യ. മക്കൾ: ശാരംഗദേവ് പണ്ഡിറ്റ്, ദുർഗ.
സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാരത്ന, മാസ്റ്റർ ദീനാഘോഷ് മംഗേഷ്കർ പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാർവാർ സംഗീത് രത്ന അവാർഡ്, ഭാരത് മുനി സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്.
80 വർഷത്തിലേറെയായി സംഗീത ജീവിതം നയിച്ച പണ്ഡിറ്റ് ജസ്‌രാജ് ഹരിയാനയിലെ ഹിസാറിൽ 1930 ലാണ് ജനിച്ചത്. സംഗീതജ്ഞനായിരുന്ന പിതാവ് മോത്തി റാമിൽനിന്നാണ് സംഗീത പഠനം തുടങ്ങിയത്. അപൂർവ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്നു. ഹവേലി സംഗീതത്തിൽ ഗവേഷണം നടത്തി. ജുഗൽബന്ദി സംഗീതത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചിച്ചു.