ഇരിട്ടി: താലൂക്ക് ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയവർക്കാണ് ആർടിപിസിആർ പരിശോധനയിൽ കൊറോണ പോസിറ്റീവായത്. ഒരു നഴ്സും അറ്റൻഡറുമടക്കം മൂന്ന് ആരോഗ്യ പ്രവർത്തക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ ഒപി വിഭാഗവും താൽക്കാലികമായി അടച്ചു. കിടത്തി ചികിൽസ നേരത്തേ നിർത്തിയിരുന്നു.
രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ കാൻസർ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. പിന്നീട് പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയവേ ഇയാൾ മരിച്ചിരുന്നു. ഇതെത്തുടർന്ന് കഴിഞ്ഞയാഴ്ച നടത്തിയ ആൻ്റിജൻ പരിശോധനയിൽ ആശുപത്രിയിൽ ചികിത്സ തേടിയ 10 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഇരിട്ടി പ്രദേശത്ത് സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം ഉയരുകയാണ്. ഇരിട്ടിയിലും പായത്തും ഒന്ന് വീതവും തില്ലങ്കേരിയിൽ മൂന്ന് കേസുകളും സമ്പർക്കത്തിലൂടെ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് സമ്പർക്കത്തിലൂടെ രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് മേഖലയിൽ ആശങ്ക വളർത്തിയിരിക്കുകയാണ്.