‘നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ഞാൻ’ ; ധോണിയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് റെയ്നയും

ന്യൂഡെൽഹി: സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ നടത്തിയതിനു പിന്നാലെയാണ് സഹതാരമായ റെയ്നയും ഇൻസ്റ്റഗ്രാമിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

33-കാരനായ റെയ്ന ഇൻസ്റ്റഗ്രാമിൽ റെയ്ന ഇങ്ങനെ കുറിച്ചു.

“നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി, നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ് “.

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകമായിരുന്നു സുരേഷ് റെയന. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ധോണിയുടെ മൂന്നാമത്തെ വിശ്വസ്തന്‍.
മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് കാത്തുനില്‍ക്കാതെയാണ് പാഡഴിക്കല്‍. ടീം ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ കളിച്ച റെയ്ന 5615 റണ്‍സും 78 ടി20യില്‍ 1604 റണ്‍സും 18 ടെസ്റ്റില്‍ 768 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 2011 ലോകകപ്പ് നേടിയ ടീമില്‍ തിളങ്ങിയ താരമാണ് റെയ്ന.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടീമില്‍ അവസരം ലഭിക്കാതെ തഴയപ്പെടുകയായിരുന്നു താരം. 2018 -ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌ന അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് രണ്ടു ഏകദിനങ്ങളില്‍ നിന്ന് 106 റണ്‍സ് അടിച്ചിട്ടും റെയ്‌നയ്ക്ക് രണ്ടാമതൊരു അവസരം കിട്ടിയില്ല. ടീമില്‍ തനിക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശ അടുത്തിടെ പരസ്യമായി റെയ്‌ന പങ്കുവെയ്ക്കുകയുമുണ്ടായി.

ഇന്ത്യ കണ്ട മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. 21 ആം നൂറ്റാണ്ടില്‍ ഇന്ത്യ രണ്ടുതവണ കിരീടമുയര്‍ത്തിയപ്പോഴും റെയ്‌ന ടീമിലുണ്ടായിരുന്നു. ഇന്ത്യയ്ക്കായി 226 ഏകദിനങ്ങളാണ് റെയ്‌ന കളിച്ചിരിക്കുന്നത്. 35.31 ബാറ്റിങ് ശരാശരിയില്‍ 5,615 റണ്‍സ് ഏകദിനത്തില്‍ താരം സമ്പാദിച്ചു. 5 സെഞ്ച്വറികളും 36 അര്‍ധ സെഞ്ച്വറികളും ഇതില്‍പ്പെടും. ഇതേസമയം, റെയ്‌നയുടെ ടെസ്റ്റ് കരിയര്‍ ഏറെ ശോഭനമല്ല. 18 മത്സരങ്ങളാണ് ടെസ്റ്റില്‍ റെയ്‌ന കളിച്ചിരിക്കുന്നത്. കുറിച്ചതാകട്ടെ 768 റണ്‍സും. ബാറ്റിങ് ശരാശരി 26.46. ട്വന്റി-20 ഫോര്‍മാറ്റില്‍ 29.18 റണ്‍സ് ശരാശരിയില്‍ 1,605 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി തികച്ച രണ്ടു ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്‌ന. രോഹിത് ശര്‍മയാണ് ഈ നേട്ടം കയ്യടക്കുന്ന മറ്റൊരു താരം.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റെയ്‌ന കളിക്കും. ഈ വര്‍ഷവും എംഎസ് ധോണിക്ക് കീഴിലാണ് ചെന്നൈപ്പട കളിക്കാനിറങ്ങുന്നത്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ 2020 പതിപ്പ് അരങ്ങേറുക.

വ്യക്തിഗത വിവരം

1986 നവംബര്‍27ന് ഉത്തര്‍ പ്രദേശിലെ മുരട്‌നഗറിലാണ് സുരേഷ് റെയ്‌നയുടെ ജനനം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റെയ്‌ന ക്രിക്കറ്റ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലൂടെയും ലിസ്റ്റ് എ ക്രിക്കറ്റിലൂടെയും തന്നെ വളര്‍ന്നാണ് ഇന്ത്യന്‍ ടീമിലെത്തിയത്. കരിയറില്‍ സാഹചര്യങ്ങള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തിയപ്പോഴും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹം കാത്തുസൂക്ഷിച്ച റെയ്‌ന മധ്യനിരയിലാണ് കൂടുതല്‍ ശോഭിച്ചിട്ടുള്ളത്. ഓള്‍റൗണ്ടറായ റെയ്‌ന ഫീല്‍ഡറെന്ന നിലയിലും ബൗളറെന്ന നിലയിലും നായകന്റെ തുറപ്പുചീട്ടാണ്.

ടെസ്റ്റ് കരിയര്‍

ഇന്ത്യക്കുവേണ്ടി 18 ടെസ്റ്റ് മത്സരമാണ് റെയ്‌ന കളിച്ചത്. 2010 ജൂലൈ 26ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 26.48 ശരാശരിയില്‍ 768 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 120. 23 ക്യാച്ചും ടെസ്റ്റില്‍ റെയ്‌നയുടെ പേരിലുണ്ട്. 13 വിക്കറ്റും ടെസ്റ്റില്‍ റെയ്‌ന വീഴ്ത്തിയിട്ടുണ്ട്.

ഏകദിന കരിയര്‍

2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു റെയ്‌നയുടെ ഏകദിന അരങ്ങേറ്റം. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന റെയ്‌ന 226 ഏകദിനങ്ങളില്‍ നിന്ന് 35.31 ശരാശരിയില്‍ നേടിയത് 5615 റണ്‍സും 36 വിക്കറ്റും. 5 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ റെയ്‌ന നേടി. 102 ക്യാച്ചും ഏകദിനത്തില്‍ നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 116* ആണ്.

ടി20 കരിയര്‍

2006 ഡിസംബര്‍ 1 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ ടി20 അരങ്ങേറ്റം. 78 മത്സരത്തില്‍ നിന്ന് 29.18 ശരാശരിയില്‍ 1605 റണ്‍സും 13 വിക്കറ്റുമാണ് റെയ്‌ന നേടിയത്. ടി20യില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 101.42 ക്യാച്ചും ടി20യില്‍ റെയ്‌ന നേടിയിട്ടുണ്ട്.
മറ്റ് കണക്കുകള്‍

109 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 42.15 ശരാശരിയില്‍ 6871 റണ്‍സും 302 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 35.42 ശരാശരിയില്‍ 8078 റണ്‍സും റെയ്‌ന നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14 സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 204*,ലിസ്റ്റ് എയില്‍ 7 സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 129. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 41 വിക്കറ്റും ലിസ്റ്റ് എയില്‍ 64 വിക്കറ്റും റെയ്‌നയുടെ പേരിലുണ്ട്.

പ്രധാന നേട്ടങ്ങള്‍

  1. ഇന്ത്യക്കുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ഏക കളിക്കാരന്‍ സുരേഷ് റെയ്‌നയാണ്(ടെസ്റ്റ്,ഏകദിനം,ടി20)
  2. ഐപിഎല്ലില്‍ 3000 റണ്‍സ് നേടിയ ആദ്യ താരം
  3. ടി20യില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ താരം
  4. ടി20 കരിയറില്‍ 6000ന് മുകളില്‍ റണ്‍സ് നേടിയ ആദ്യ ബാറ്റ്‌സ്മാന്‍
  5. ഐപിഎല്ലില്‍ 100 സിക്‌സര്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം
  6. 2011ല്‍ സിയറ്റിന്റെ മികച്ച അന്താരാഷ്ട്ര ടി20 താരത്തിനുള്ള പുരസ്‌കാരം.