മലപ്പുറം : ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിന് കൊറോണ സ്ഥിരീകരിച്ചു. എസ്പിയുടെ ഗൺമാൻ രോഗം ബാധിച്ച് ചികിൽസയിലാണ്. കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. അതിന് ശേഷം അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാർ നിരീക്ഷണത്തിലാണ്.
അതേസമയം കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. ഫയർ സ്റ്റേഷനിലെ 26 പേർ നിരീക്ഷണത്തിലാണ്.
മലപ്പുറത്ത് കൂടുതൽ പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. 202 പേര്‍ക്കാണ് ജില്ലയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 180 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 1380 ഉം സമ്പർക്ക രോഗികളാണ്. കൂടുതൽ കൊറോണ രോഗികളുള്ള തിരുവനന്തപുരത്ത് പുതിയ രോഗികളുടെ എണ്ണം 400 കടന്നു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. 88.23 ശതമാനമാണ് സമ്പർക്കത്തോത്. സംസ്ഥാനത്താകെ 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യപ്രവർത്തകർക്കും ഇന്നും രോഗം ബാധിച്ചു. ഓഗസ്റ്റിൽ ഒരു ദിവസം ഒഴികെ ബാക്കി 12 ദിവസവും ആയിരത്തിന് മുകളിലാണ് രോഗികൾ.