ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലനടത്തിയ സംഭവം; ഭര്‍ത്താവ് സൂരജിനെ മാത്രം പ്രതിയാക്കി കുറ്റപത്രം

കൊല്ലം: മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം. കൊലാപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകൾ. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലനടത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് മാത്രം പ്രതി. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.

കേസ്സിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടിത്തകാരന്‍ സുരേഷിനെ നേരത്തെ കോടതി മാപ്പ് സാക്ഷി ആക്കിയിരുന്നു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനരാവിഷ്‍കരിച്ച് ശാസ്ത്രീയ തെളിവെടുപ്പുകള്‍ വരെ അന്വേഷണ സംഘം നടത്തി. ക്രൈബ്രാഞ്ച് സംഘത്തെ സഹായിക്കാന്‍ വനം, ആരോഗ്യം വകുപ്പുകളില്‍ നിന്നുള്ള വിദഗ്ദരും ഉണ്ടായിരുന്നു. രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവരുടെ പങ്കുള്ളതായി പറയുന്നില്ല. രണ്ട് പ്രാവശ്യവും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് ഗുളികകള്‍ നല്‍കി മയക്കിയിരുന്നതായും കുറ്റപത്രത്തില്‍ ഉണ്ട്. ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച് പരിക്കിന് ചികിത്സിക്കുന്നതിനിടയിലാണ് മെയ് ആറിന് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്.

കൊട്ടാരക്കര റൂറല്‍ എസ്സ് പി എസ്സ് ഹരിശങ്കറിന്‍റെ മേല്‍ നോട്ടത്തില്‍ ജില്ലാ ക്രൈബ്രാഞ്ച് സംഘമാണ് കേസ്സ് അന്വേഷിച്ചത്. 82 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.