തിരുവനന്തപുരം: കോഴിക്കോട് ബീച്ച് ആശുപത്രി കൊറോണ ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ ഡയാലിസിസ് സെന്റർ അവിടെ നിലനിർത്തിയിട്ടുണ്ട്. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൊറോണ വാർഡുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ ഡയാലിസിസ് സെന്ററിലേക്ക് ആശുപത്രിക്കുള്ളിൽ നിന്നുള്ള പ്രവേശനം പൂർണമായും അടച്ചു. ആശുപത്രി കോംപൗണ്ടിൽ നിന്ന് നേരെ ഡയാലിസിസ് സെന്ററിലേക്ക് പ്രവേശിക്കാൻ റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
മത്സ്യബന്ധനത്തിനെത്തിയ 68 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ മത്സ്യബന്ധനത്തിനെത്തി കടലിൽ തന്നെ ബോട്ടിൽ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിക്കാനാകില്ല. ബേപ്പൂർ മേഖലയിൽ പെലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ്, ഡിഎസ്‌സി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്.
സമ്പർക്കത്തിലൂടെയുള്ള രോഗബാധ കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂടുതൽ പ്രദേശങ്ങൾ പൂർണമായി അടച്ചിട്ടു. 10 ദിവസത്തിനകം 1146 കൊറോണ രോഗികളാണ് കാസർഗോഡ് ജില്ലയിൽ ഉണ്ടായത്. കാസർഗോഡ് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട ആളുകളിലുള്ള രോഗബാധ വർധിക്കുകയാണ്.ഇതുവരെ കാസർഗോഡ് ബീച്ച് ക്ലസ്റ്ററിൽ 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.