മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലെത്തി; രണ്ടാം ജാഗ്രത മുന്നറിയിപ്പ് നൽകി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ രണ്ടാം ജാഗ്രത മുന്നറിയിപ്പ് നൽകി. 136 അടിയിലെത്തിയാൽ സ്പിൽവെ വഴി വെള്ളം ഒഴുക്കി വിടുവാനായി കേരളം തമിഴ്നാടിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തു നിന്ന് ഡാം തുറക്കുന്നതിനായുള്ള ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ല.

ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽ എത്തുന്നത്. പരമാവധി സംഭരണശേഷിയിലേക്ക് എത്താതെ 136 അടി എത്തുമ്പോൾ തന്നെ കുറച്ച് വെള്ളം സ്പിൽവേ വഴി ഒഴുക്കിവിടുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കും. ഇതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഇതിനായി തമിഴ്‌നാടിന് കത്തയച്ചിരുന്നു. അണക്കെട്ട് തുറന്നാൽ വണ്ടിപ്പെരിയാർ, മഞ്ജുമല പ്രദേശങ്ങളിൽ നിന്നായി 1700 ഓളം ആൾക്കാരെ മാറ്റി പാർപ്പിക്കേണ്ടി വരും.