കോട്ടയം: കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ആളുകളെ ക്യാംപിലേക്ക് മാറ്റുന്നതിനൊപ്പം കന്നുകാലികളെയും പ്രത്യേക ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതിനായി മാത്രം പത്ത് ക്യാംപുകൾ തുറന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നാലും വൈക്കം മുനിസിപ്പാലിറ്റിയിലും കല്ലറ പഞ്ചായത്തിലും രണ്ടു വീതവും മറവന്തുരുത്തിലും മാഞ്ഞൂരിലും ഒന്നുവീതം ക്യാമ്പുകളുമാണ് തുറന്നത്. ഇതുവരെ 1330 പശുക്കളെയും 131 ആടുകളെയും ക്യാമ്പുകൾ ഉൾപ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി.
മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ 30.71 കോടിയുടെ കൃഷിനാശം സംഭവിച്ചു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പ്രാഥമിക കണക്കാണിത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് ഒൻപതു വരെ പെയ്ത മഴയിൽ 1200.68 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കപ്പ, വാഴ, റബർ, നെല്ല് എന്നിവയാണ് പ്രധാനമായും നശിച്ചത്.