അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ഭൂമി പൂജയ്ക്ക് മുമ്പുള്ള ആചാരങ്ങൾക്ക് ഗൗരി ഗണേശ പൂജയോടെ ഇന്ന് ആരംഭം കുറിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്ക് ബുധനാഴ്ച നടക്കുന്ന ഭൂമി പൂജയോടെ സമാപിക്കും. ഇന്ന് രാവിലെയാണ് പതിനൊന്നോളം പുരോഹിതന്മാർ പൂജക്ക് തുടക്കമിട്ടത്.
കാശി, കാഞ്ചി, ഡെൽഹി എന്നിവിടങ്ങളിൽ നിന്നുമുള്ള പുരോഹിതന്മാരാണ് ഗണേശ പൂജ നടത്തിയത്. ഭൂമി പൂജ ചടങ്ങിന്റെ ക്ഷണപത്രിക ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം കോടതിയിലെത്തിച്ച ഇക്ബാല്‍ അന്‍സാരിക്കാണ് ആദ്യ ക്ഷണപത്രിക അയച്ചിരിക്കുന്നത്. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് കാര്‍ഡ് പുറത്തിറക്കിയത്.
പൂജയിൽ പങ്കെടുക്കാൻ ശ്രീ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയിൽ നിന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് ക്ഷണം ലഭിച്ചു കഴിഞ്ഞു. ചടങ്ങുകള്‍ക്ക് മുന്നോടിയായി അയോദ്ധ്യയില്‍ വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും ഓരോ ചടങ്ങുകളും. 200ഓളം ക്ഷണിതാക്കള്‍ക്ക് മാത്രമാകും ഇരിപ്പിടം ഒരുക്കുകയെന്ന് ട്രസ്ററ് വ്യക്തമാക്കിയിട്ടുണ്ട്.
കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാകും ചടങ്ങുകള്‍ വീക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കുന്നത്. 161 അടി ഉയരത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. മൂന്ന്-മൂന്നര വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
അതേസമയം, അയോധ്യയിലെ ആധുനിക റെയിൽവേ സ്റ്റേഷന്റെ ആദ്യ ഘട്ടം 2021 ജൂണിൽ പൂർത്തിയാകുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചിട്ടുണ്ട്.