തിരുവനന്തപുരം: മാസങ്ങൾക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.
സബ് ട്രഷറി ഉദ്യോഗസ്ഥർ ഇതെക്കുറിച്ച് ജില്ലാ ട്രഷറി ഓഫിസർക്ക് റിപ്പോർട്ടു നൽകി.ഹെഡ്ക്വാർട്ടേഴ്സിനെയും വിവരം അറിയിച്ചു . ട്രഷറി ഉദ്യോഗസ്ഥനെതിരെ സബ് ട്രഷറി ഓഫീസർ നടപടി ആവശ്യപ്പെട്ട് പരാതി നൽകി. വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തിരിമറി നടന്നത്.
സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്ന് ട്രഷറി ഡയറക്ടർ പറഞ്ഞു. സർക്കാർ അക്കൗണ്ടിൽനിന്ന് ട്രഷറി ജീവനക്കാരൻ തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന വിവരം ഇനിയും അറിവായിട്ടില്ല.