ജെറുസലേം: തങ്ങളുടെ സൈനികരുടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ ഹമാസ് ഹാക്ക് ചെയ്തെന്ന് ഇസ്രായേൽ. അനേകം സൈനികരുടെ സ്മാർട് ഫോണുകൾ ഹമാസ് ഹാക്ക് ചെയ്തെന്ന പ്രചാരണം
സ്ഥിരീകരിച്ച ഇസ്രായേൽ സൈന്യം ഫോണുകളിൽനിന്ന് നിർണായകവും തന്ത്രപരവുമായ വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.
ഏറെ സൈനികർ വീഴും മുമ്പേ സൈബർ ആക്രമണം
പരാജയപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി.
സുന്ദരികളായ യുവതികളാണെന്ന വ്യാജേന സൈനികരുമായി അടുപ്പത്തിലാകുകയായിരുന്നു ഹാക്കർമാരുടെ ആദ്യ തന്ത്രം. ഇതിന് വേണ്ടി പ്രചരിപ്പിച്ച യുവതികളുടെ ചിത്രങ്ങളും ഇസ്രായേൽ പ്രതിരോധ വിഭാഗം പുറത്തുവിട്ടു. ഹീബ്രു യുവതിയാണെന്നും കേൾവി തകരാറുണ്ടെന്നും പറഞ്ഞാണ് ഇവർ സൈനികരുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. തുടർന്ന് സൗഹൃദം ദൃഢമാകുന്നതോടെ രഹസ്യമായി ചിത്രങ്ങൾ കൈമാറാനെന്ന വ്യാജേന ഒരു ലിങ്ക് അയച്ചുകൊടുക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് സൈനികരുടെ ഫോണിൽ മാൽവെയറുകൾ ഡൗൺലോഡാകും. പിന്നീട് ഇതിലൂടെ ഫോണിലെ ചിത്രങ്ങളും ഫയലുകളും നമ്പറുകളുമടക്കം എല്ലാ രഹസ്യ വിവരങ്ങളും ചോർത്തിയെടുക്കുക. ഉടമ അറിയാതെ ഫോണിലെ ചിത്രങ്ങളെടുക്കാനും സംഭാഷണങ്ങൾ റെക്കോഡ് ചെയ്യാനും സാധിച്ചിരുന്നു.
തുടക്കത്തിലേ കണ്ടെത്തിയതിനാൽ അനേകം സൈനികർ രക്ഷപ്പെട്ടു.ഇത് മൂന്നാംതവണയാണ് ഹമാസ് ഇസ്രായേൽ സൈനികരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ലെഫ്. കേണൽ ജൊനാഥൻ കോൺറിക്കസ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് ഹമാസിന്റെ നീക്കം തിരിച്ചറിഞ്ഞതിനാൽ പ്രധാന വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. അതേസമയം, ഇക്കാര്യത്തിൽ കർശന നിരീക്ഷണം തുടരുമെന്നും കേണൽ വ്യക്തമാക്കി.
സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന സൈനികർക്ക് ഇസ്രായേൽ സൈന്യം വ്യക്തമായ സൂചന നൽകിയിരുന്നെങ്കിലും പലരും രഹസ്യമായി പെട്ടു പോയെന്നാണ് റിപ്പോർട്ട്.