ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റാൻ നിർദേശിക്കുന്ന പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ശിക്ഷ നീളാൻ സാധ്യത. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻ ജഡ്ജ് ധർമേന്ദർ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാർച്ച് മൂന്നിന് രാവിലെ ആറിനാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.
പ്രതിയായ പവൻ ഗുപ്തക്ക് ദയാഹർജിയും തിരുത്തൽ ഹർജിയും നൽകാനുള്ള അവസരം അവശേഷിക്കുന്നുണ്ട്. അതിനാൽ മരണവാറന്റ് വീണ്ടും മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് വ്യക്തമായ സൂചന.ബാക്കി മൂന്ന് പേരുടേയും ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു.
ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. ജനുവരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. ജനുവരി 31ന് ഡമ്മി പരീക്ഷണവും നടന്നിരുന്നു. എന്നാൽ ദയാ ഹർജികളും മറ്റു തടസ ഹർജികളും കാരണം കോടതി വാറണ്ടുകൾ സ്റ്റേ ചെയ്യുകയായിരുന്നു.
മരണവാറണ്ട് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട വാദം കേൾക്കലിനിടെ നാടകീയ രംഗങ്ങൾക്കാണ് പട്യാല ഹൗസ് കോടതി സാക്ഷ്യം വഹിച്ചത്. പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്നും ഇനിയും നീട്ടിവെക്കരുതെന്നും നിർഭയയുടെ അമ്മ കോടതിയോട് തൊഴുകൈകളോടെ ആവശ്യപ്പെട്ടു. താൻ സന്തോഷവതി അല്ലെന്നും പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചതിൽ സംതൃപ്തിയുണ്ടെന്നും നിർഭയയുടെ അമ്മ ആശാദേവി കോടതിയിൽ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ ശിക്ഷ അനന്തമായി നീളുന്നതിന് എതിരേ കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. ഇതെ തുടർന്ന് സുപ്രീം കോടതിയിൽ കേന്ദ്രം നൽകിയ ഹർജി മാർച്ച് രണ്ടിന് പരിഗണിക്കും.