പിഎസ് സി നോക്ക്കുത്തി; സംസ്ഥാന ലൈബ്രറി കൗൺസിലിലെ 46 പിൻവാതിൽ നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി

തിരുവനന്തപുരം: പിഎസ് സി യെ മറികടന്ന് സംസ്ഥാന ലൈബ്രറി കൗൺസിലിലെ പിൻവാതിൽ നിയമനം മുൻകാല പ്രാബല്യത്തോടെ സർക്കാർ സ്ഥിരപ്പെടുത്തി. പിൻവാതിലിലൂടെ നിയമനം ലഭിച്ച 46 പേരെയാണ് മുൻകാലപ്രാബല്യത്തോടെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തൊഴിൽ രഹിതരായ അനേകം യുവാക്കൾ അവസരം കാത്ത് കഴിയുമ്പോഴാണീ ചട്ടവിരുദ്ധ നിയമനം.

യു ഡിഎഫ് സർക്കാർ റദ്ദാക്കിയിരുന്ന ഈ പിൻവാതിൽ നിയമങ്ങൾക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്തിരുന്ന റിട്ട് അപ്പീൽ പിൻവലിച്ചിട്ടാണ് ഇവരെ സ്ഥിരപ്പെടുത്തിയത്. നിയമനം സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ജൂലൈ 20 ന് പുറപ്പെടുവിച്ചു.

ലൈബ്രറി കൗൺസിലിലെ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടതുകൊണ്ട് സ്ഥിര നിയമനങ്ങൾ നടത്താനുള്ള അധികാരം പിഎസ് സിക്കാണെന്നിരിക്കെ, പിഎസ്സിക്ക് നിയമനങ്ങൾ വിടുന്നതിനു മുമ്പ് കൗൺസിലിൽ തുടരുന്ന ദിവസവേതന ജീവനക്കാർ എന്ന നിലയിലാണ് ഇവരെ സ്ഥിരപ്പെടുത്തിയതെന്നാണ് ഉത്തരവിൽ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നവെന്ന് പറയുന്ന സർക്കാരിന് ഏതാണ്ട് കോടി രൂപയാണ് ഇവർക്ക് നൽകാനുള്ള കുടിശികയിലൂടെ അധികബാധ്യത ഉണ്ടാക്കുന്നത്.

സർക്കാർ ഗ്രാൻഡിൽ പ്രവർത്തിക്കുന്ന ലൈബ്രറി കൗൺസിലിലെ നിയമങ്ങൾ സർക്കാരിൻ്റെ അനുമതിയോടുകൂടി മാത്രമേ പാടുള്ളൂ എന്ന് തീരുമാനത്തെ ലൈബ്രറി കൗൺസിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

41 എൽ. ഡി ക്ലർക്ക് മാരെയും 6 അറ്റൻഡർമാരെയും ആണ് സ്ഥിരപ്പെടുത്തുന്നത്. ഇതിൽ 26 പേരുടെ നിയമനം 2011 മുതൽ മുൻകാല പ്രാബല്യത്തോടെയും 21 പേരെ ഈ മാസം മുതലും സ്ഥിരം തസ്തികകളിൽ നിയമിക്കാനാണ് ഉത്തരവ്. 13 പേരെ കഴിഞ്ഞ വര്ഷം തന്നെ പ്രത്യേക ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയിരുന്നു. ഇതിൽ പെൻഷനായ ജീവനക്കാരനും മുൻകാല പ്രാബല്യത്തോടെ സ്ഥിര നിയമനം ലഭിച്ചു.

കുടിശിക ഇനത്തിൽ തന്നെ ഇവർക്ക് എട്ടു കോടി രൂപയോളം നൽകേണ്ടതായി വരും. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതോടെ കൗൺസിലിന് പ്രതിവർഷം രണ്ടുകോടിയോളം രൂപയുടെ അധിക ചെലവും വരും.

സിപി.എം നേതാക്കന്മാരുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇവരെല്ലാപേരും ജോലിയിൽ പ്രവേശിച്ചത്. സ്കോൾ കേരള (ഓപ്പൺ സ്കൂൾ )യിൽ സമാനരീതിയിൽ 80 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതിനുമുന്നോടിയായാണ് ഇവിടെ ദിവസശമ്പളക്കാരെ സ്ഥിരപ്പെടുത്തിയത്.

ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ലഭിച്ചുവന്ന വാർഷിക ഗ്രാന്റ് വെട്ടികുറക്കുകയും, ലൈബ്രേറിയൻമാർക്ക് നൽകിവരുന്ന തുശ്ചമായ അലവൻസിൽ വർദ്ധനവ് നൽകാതിരിക്കുകയും ചെയ്ത സർക്കാർ കോടികൾ ചെലവിട്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് പിന്നിൽ വ്യക്തമായ അഴിമതിയുണ്ടെന്ന് ഗ്രന്ഥശാല സംരക്ഷണസമിതി ചെയർമാൻ ആർ എസ് ശശികുമാർ ആരോപിച്ചു.