ത്യശൂർ: കൊറ്റമ്പത്തൂർ – ഇല്ലിക്കുണ്ട് വനമേഖലയിൽ കാട്ടുതീ അണയ്ക്കാൻ ശ്രമിച്ച മൂന്ന് വനംവകുപ്പ് വാച്ചർമാർ വെന്തുമരിച്ചു.
വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബൽ വാച്ചറുമായ കെ.വി. ദിവാകരൻ(43), താത്കാലിക ഫയർ വാച്ചർമാരായ എരുമപ്പെട്ടി കുമരനെല്ലൂർ കൊടുമ്പ് എടവണ വളപ്പിൽവീട്ടിൽ എം.കെ. വേലായുധൻ(55) കുമരനെല്ലൂർ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ വി.എ. ശങ്കരൻ (46) എന്നിവരാണ് മരിച്ചത്.ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിലായ ശങ്കരൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
ചെറുതുരുത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെ
വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അക്കേഷ്യ എസ്റേററ്റിലാണ് നാടിനെ നടുക്കിയ കാട്ടുതീയിൽ മൂന്നു പേർ മരിച്ചത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.ആർ. രഞ്ജിത്ത്(37) കാട്ടുതീയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റ തൊഴിച്ചാൽ മറ്റു പരിക്കുകളില്ല.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കാട്ടുതീ ഉണ്ടായത്.വനംവകുപ്പുദ്യോഗസ്ഥരും വാച്ചർമാരുമടക്കം 14 പേർ തീയണയ്ക്കാൻ സ്ഥലത്തെത്തി. നാട്ടുകാരും ഇവർക്കൊപ്പം ചേർന്നു. നാലുമണിയോടെ തീ നിയന്ത്രിച്ചു. തുടർന്ന് നാട്ടുകാർ തിരിച്ചുപോന്നു.എന്നാൽ വനം വകുപ്പ് ജീവനക്കാർ ഇവിടെ തങ്ങി.
പിന്നീടാണ് ശക്തമായ കാറ്റിൽ തീ പെട്ടെന്ന് ഉയരത്തിൽ പടർന്നുപിടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. ചിലർ ഓടിരക്ഷപ്പെട്ടു. എന്നാൽ, ദിവാകരൻ, വേലായുധൻ, ശങ്കരൻ, രഞ്ജിത്ത് തുടങ്ങിയവർ തീയ്ക്കുള്ളിൽ പെട്ടു പോയി. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെട്ടു. മറ്റു മൂന്നു പേർ തീവലയത്തിൽ പെട്ടു പോയി. മാരകമായി പൊള്ളലേറ്റ ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നീട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
2018 മാർച്ചിൽ കേരള-തമിഴ്നാട് അതിർത്തിയായ കൊരങ്ങിണിയിൽ കാട്ടുതീയിൽപ്പെട്ട് 23 പേർ മരിച്ചിരുന്നു. രണ്ടു വർഷം മുമ്പ് പുൽപ്പള്ളി വന്യജീവി സങ്കേതത്തോട് ചേർന്നുണ്ടായ കാട്ടുതീയിൽ ഒരാൾ മരിച്ചിരുന്നു.
കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂർ വനമേഖലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് ആയിരത്തിലേറെ ഏക്കർ അക്കേഷ്യാ വനങ്ങളുണ്ട്.
ഇന്ദിരയാണ് മരിച്ച ദിവാകരന്റെ ഭാര്യ. പത്തു മാസം പ്രായമായ ധ്യാൻ ഏക മകനാണ്. കാർത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: സുബീഷ്, അനിലൻ, സുബിത. മരുമക്കൾ: സ്മിജ, വിജയൻ. എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ. കണ്ണന്റെ സഹോദരനാണ് വേലായുധൻ. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കൾ ശരത്ത്, ശനത്ത്.
പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ നൽകുമെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും. മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.