ആസ്ഥാനം ഇംഗ്ലണ്ടിലേക്ക് മാറ്റാനൊരുങ്ങി ടിക്ക്‌ടോക്ക്

ലണ്ടൻ: വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക്‌ടോക്ക് ഇംഗ്ലണ്ടിലേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങന്നു. ലണ്ടൻ ഉൾപ്പെടെ മറ്റ് ചില സ്ഥലങ്ങൾ കൂടി കമ്പനിയുടെ പരിഗണയിലുണ്ടെന്നാണ് വിവരം. ടിക് ടോക്കിന്റെ ചൈനീസ് ബന്ധം തിരിച്ചടിയാകുന്ന പശ്ചാത്തലത്തിലാണ് ആസ്ഥാനം ഇംഗ്ലണ്ടിലെ ലണ്ടനിലേക്ക് മാറ്റാൻ ടിക്ക്‌ടോക്ക് ആലോചിക്കുന്നത്. ജൂൺ അവസാന വാരമാണ് ഇന്ത്യ ടിക്ക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്.

ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും.

രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്.

ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് ടിക്ക്ടോക്ക് പലപ്പോഴും കുരുക്കിൽ പെട്ടിരുന്നു. ഉപഭോക്താക്കളുടെ ഡേറ്റ ചോർത്താൻ ചൈനീസ് ഭരണകൂടം ടിക്ക്‌ടോക്കിനെ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ആപ്പ് നിരോധിച്ചത്. അമേരിക്കയും ഇതേ പാതയിലാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബിസിനസ് പിടിച്ചു നിർത്താൻ ടിക്ക്‌ടോക്ക് കളം മാറുന്നത്.