മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 3.108 ബില്യൺ ഡോളർ വർദ്ധിച്ച് 2020 ജൂലൈ 10 ന് അവസാനിച്ച ആഴ്ചയിൽ എക്കാലത്തെയും ഉയർന്ന സംഖ്യയായ 516.362 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച, കരുതൽ ധനം 6.416 ബില്യൺ ഡോളർ ഉയർന്ന് 513.54 ബില്യൺ ഡോളറായിരുന്നു. മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി 2.372 ബില്യൺ ഡോളർ ഉയർന്ന് 475.635 ബില്യൺ ഡോളറായി.
സ്വർണ്ണ കരുതൽ ശേഖരം 712 ദശലക്ഷം ഡോളർ ഉയർന്ന് 34.729 ബില്യൺ ഡോളറായി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം അഞ്ച് ദശലക്ഷം ഡോളർ ഉയർന്ന് 1.453 ബില്യൺ ഡോളറിലെത്തി. ഇതോടൊപ്പം, രാജ്യത്തിന്റെ റിസർവ് പൊസിഷൻ 19 ദശലക്ഷം ഡോളർ വർദ്ധിച്ച് 4.545 ബില്യൺ ഡോളറായി. ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ആസ്തികളിലെ വർധനയാണ് ജൂലായ് 10-ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം ഉയരാൻ സഹായിച്ചത്.
വിദേശ കറൻസി ആസ്തികൾ 237.2 കോടി ഡോളർ ഉയർന്ന് 47,563.5 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശനാണ്യ കരുതൽ ശേഖരം യു.എസ്. ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും യൂറോ, പൗണ്ട്, ജാപ്പനീസ് യെൻ തുടങ്ങിയ കറൻസികളും വിദേശ കറൻസി ആസ്തികളിൽ പെടുന്നുണ്ട്. അതിനാൽ, അവയുടെ മൂല്യത്തിലുള്ള കയറ്റിറക്കങ്ങൾ കരുതൽ ശേഖരത്തിൽ പ്രതിഫലിക്കും.