ഫേസ്ബുക്ക് നിർബന്ധമാണെങ്കിൽ രാജിവെച്ചു പോകുക; സൈനീകനോട് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഇന്ത്യൻ സൈനികർക്ക് 89ഓളം ആപ്പുകൾ ഉപയോഗിക്കുന്നതിന്​ കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യത്ത്​ 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ച്​ ദിവസങ്ങൾക്ക് ശേഷമാണ് സൈനീകർക്ക് ഇത്തരമൊരു നിർദ്ദേശം കേന്ദ്രം നൽകിയത്.

ഫേസ്​ബുക്ക്​, ടിൻഡർ, പബ്​ജി മൊബൈൽ ഗെയിം എന്നിവയടക്കമായിരുന്നു​ ഫോണുകളിൽ നിന്ന്​ നീക്കം ചെയ്യാൻ നിർദേശിച്ചത്​. അതേസമയം, ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ കേന്ദ്ര സർക്കാരി​ന്റെ തീരുമാനത്തെ എതിർത്ത്​ രംഗത്തെത്തിയിരുന്നു. ഫേസ്​ബുക്ക്​ അക്കൗണ്ട്​ നീക്കം ചെയ്യുന്നത്​ നിരവധി കോൺടാക്​ടുകൾ അടക്കമുള്ള തന്റെ പ്രധാനപ്പെട്ട ഡാറ്റ നഷ്​ടപ്പെടുന്നതിന്​ കാരണമാകുമെന്ന്​ കാട്ടി അദ്ദേഹം ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിക്കുകയും ചെയ്​തു.

എന്നാൽ, ജസ്റ്റിസ്​ രാജീവ്​ സഹായ് എൻറ്​ലോ, ജസ്റ്റിസ്​ ആശാ മേനോൻ, എന്നിവരടങ്ങിയ ബെഞ്ച്​ സൈനികന്റെ ആവശ്യം തള്ളി. ‘നിർബന്ധമായും ആപ്പ്​ നീക്കം ചെയ്യണമെന്നാണ്​ കോടതി പറയുന്നത്​​. നിങ്ങൾക്ക്​ എപ്പോൾ വേണമെങ്കിലും പുതിയ അക്കൗണ്ട്​ നിർമിക്കാൻ സാധിക്കും. ഒരു ഓർഗനൈസേഷ​ന്റെ ഭാഗമാണ് താങ്കൾ​. അതി​ന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്തനാണെന്നും ബെഞ്ച്​ ഓർമിപ്പിച്ചു.

ഫേസ്​ബുക്ക്​ നീക്കം ചെയ്യില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സേനയിൽ നിന്ന്​ എന്നെന്നേക്കുമായി രാജിവെച്ച്​ പോകണമെന്നും’ ഹൈകോടതി ബെഞ്ച് പറഞ്ഞു. സൈനിക​ന്റെ പരാതിയിൻ മേലുള്ള അടുത്ത വാദം കേൾക്കൽ ജുലൈ 21ന് തുടരും.