ഇ-വേസ്റ്റ് കുമിഞ്ഞു കൂടുന്നു: ഫോണുകൾക്ക്​ സാംസങ്ങും, ആപ്പിളും, സൗജന്യ ചാർജർ നൽകില്ല

സിയൂൾ: ലോകം നേരിടുന്ന വലിയ വെല്ലുവിളിയായ ഇ വേസ്​റ്റ് അഥവാ ഇലക്​ട്രോണിക്​ വേസ്​റ്റിൻ്റെ സാഹചര്യത്തിൽ​ ഇലക്​​ട്രോണിക്​സ്​ ഭീമനായ സാംസങ്ങ്​ പുതിയൊരു തീരുമാനം പുറത്തുവിടുന്നു​. മൊബൈൽ ഫോണുകൾക്ക്​ ഇനി സൗജന്യമായി ചാർജർ നൽകില്ലെന്നാണ്​ സാംസങ്ങി​ന്റെ തീരുമാനം. വീടുകളിൽ ചാർജറുകൾ കുമിഞ്ഞുകൂടുന്നതായും അതിനാൽതന്നെ ചാർജർ നിർബന്ധമില്ലെന്നുമാണ്​ കമ്പനിയുടെ വിലയിരുത്തൽ. ആവശ്യമുള്ളവർ പണംകൊടുത്ത്​ വാങ്ങ​ട്ടെ എന്നും സാംസങ്ങ്​ പറയുന്നു.

സാംസങ്ങിന്റെ പ്രധാന എതിരാളിയായ ആപ്പിളും തങ്ങളുടെ ഐഫോൺ 12 ൽ ചാർജർ ഒഴിവാക്കുമെന്ന്​ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാംസങ്ങ്​ ഉടൻ തീരുമാനം നടപ്പാക്കാനിടയില്ലെന്നും 2021വരെ നിലവിലെ സ്​ഥിതി തുടരുമെന്നും കൊറിയയിലെ ഇടി ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

പുതിയ തീരുമാനത്തിനു പിന്നിൽ ചില സാമ്പത്തിക താൽപ്പര്യങ്ങളും സാംസങ്ങിനുണ്ട്​. ചിലവുകുറക്കൽ തന്നെയാണതിൽ പ്രധാനം. കൊറോണ മൂലമുണ്ടായ പ്രതിസന്ധി കൊറിയൻ ഇലക്​ട്രോണിക്​സ്​ ഭീമനേയും ബാധിച്ചിട്ടുണ്ട്​. ഫൈവ്​ ജി ഫോണുകൾ നിർമിക്കുന്നതിന്​ കൂടുതൽ പണം മുടക്കേണ്ട സ്​ഥിതിയും നിലവിലുണ്ട്​.

ചാർജറുകൾ ഒഴിവാക്കാനുള്ള മറ്റൊരു കാരണം വയർലെസ്സ്​ ചാർജറുകളുടെ കടന്നുവരവാണ്​. സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളിൽ മിക്ക വീടുകളിലും വയർലെസ്സ്​ ചാർജറുകളണ്ട്​. അവർക്ക്​ എല്ലാ ഫോണുകൾക്കൊപ്പവും ചാർജർ നൽകേണ്ടതില്ല.