ന്യൂഡൽഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് ഡൽഹി കോൺഗ്രസിന്റെ ചുമതല വഹിച്ചിരുന്ന പി.സി.ചാക്കോ സ്ഥാനം രാജിവെച്ചു.
അതേ സമയം തെരഞ്ഞെടുപ്പിൽ ചില മുതിർന്ന നേതാക്കളുടെ അനാവശ്യ ഇടപെടലുകളിൽ ചാക്കോ അസ്വസ്ഥനായിരുന്നെങ്കിലും വിവാദ പ്രസ്താവനകൾക്ക് അദ്ദേഹം മുതിർന്നില്ല.
ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡൽഹിയിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചതെന്ന് രാജിവെക്കുന്നതിന് മുമ്പായി പി.സി.ചാക്കോ പറഞ്ഞു. ‘എഎപി കടന്ന് വന്നതോടെ കോൺഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവൻ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ല. എ.എ.പിയിൽ തന്നെ തുടരുകയാണ് അത്’ ചാക്കോ പറഞ്ഞു.
പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി.ചാക്കോ രാജിക്കത്ത് കൈമാറി.
തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് ഡൽഹി പി.സി.സി.അധ്യക്ഷൻ സുഭാഷ് ചോപ്ര ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജിവെച്ചിരുന്നു. കോൺഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2015-ലും സമാന അവസ്ഥയായിരുന്നു.