സിബിഎ​സ്ഇ വെ​ട്ടി​ക്കു​റ​ച്ച​ സി​ല​ബ​സിന് പകരം ഹിറ്റ്‌ലറുടെ ആത്മകഥ ഉൾപ്പെടുത്തും: കമൽഹാസൻ

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ സി​ല​ബ​സ്​ 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച​ കേ​ന്ദ്രസർക്കാർ നടപടിയിൽ പ്രതികരണവുമായി നടനും മക്കൾ നീതി ​മെയ്യം തലവനുമായ കമൽ ഹാസൻ. വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനെന്ന പേരില്‍ പൗരത്വം മതേതരത്വം തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പകരം ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫോ കു ക്ലക്‌സ് ക്ലാന്‍ ചരിത്രമോ ഉള്‍പ്പെടുത്തുമെന്ന്​ കമല്‍ഹാസന്‍ വിമര്‍ശിച്ചു.

ഒ​ന്നാം മോ​ദി​സ​ർ​ക്കാ​റി​​​​​ന്റെ പ്ര​ധാ​ന പരാജയമായി പ്ര​തി​പ​ക്ഷം ഉയർത്തിക്കാട്ടുന്ന നോ​ട്ടു​നി​രോ​ധ​ന​വും ജി.​എ​സ്.​ടി​യും ഒ​ഴി​വാ​ക്കി​യ​ പാഠഭാഗങ്ങളിൽ പെടും. മ​തേ​ത​ര​ത്വം, ദേ​ശീ​യ​ത എ​ന്നി​വ​ക്കു​പു​റ​മെ ഫെ​ഡ​റ​ലി​സം, പൗ​ര​ത്വം, അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ങ്ങ​ൾ തു​ട​ങ്ങി​യ പാ​ഠ​ഭാ​ഗ​ങ്ങ​ളും വെ​ട്ടി​ക്കു​റ​ച്ചിരുന്നു.സി.​ബി.​എ​സ്.​ഇ ഒ​മ്പ​തു​ മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള സി​ല​ബ​സി​​​​ന്റെ 30 ശ​ത​മാ​നം​ വെ​ട്ടി​ക്കു​റ​ക്കു​മെ​ന്നാ​ണ്​​ ക​ഴി​ഞ്ഞ ദി​വ​സം മാ​ന​വ​ശേ​ഷി വി​ക​സ​ന​മ​ന്ത്രി ര​മേ​ശ്​ പൊ​ഖ്​​രി​യാ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

ഒ​മ്പ​താം ക്ലാ​സ് സാ​മൂ​ഹി​ക പാ​ഠ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​ണ്​ ‘ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ’, ‘ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സ്വ​ഭാ​വം’ എ​ന്നി​വ. പ​ത്താം ക്ലാ​സി​ലെ സാ​മൂ​ഹി​ക പാ​ഠ​ത്തി​ൽ നി​ന്ന് ‘ജ​നാ​ധി​പ​ത്യ​വും നാ​നാ​ത്വ​വും’, ‘ജാ​തി, മ​തം, ലിം​ഗം’, ‘ജ​നാ​ധി​പ​ത്യ​ത്തി​നു​ള്ള വെ​ല്ലു​വി​ളി​ക​ൾ’, ‘വ​നം- വ​ന്യ​ജീ​വി’ എ​ന്നീ പാ​ഠ​ഭാ​ഗ​ങ്ങ​ളാ​ണ്​ നീ​ക്കി​യ​ത്. 11ാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പാ​ഠ​പു​സ്​​ത​ക​ത്തി​ൽ​നി​ന്ന്​ ഫെ​ഡ​റ​ലി​സം, പൗ​ര​ത്വം, ദേ​ശീ​യ​ത, മ​ത​നി​ര​പേ​ക്ഷ​ത എ​ന്നി​വ​യും നീ​ക്കി.11ാം ക്ലാ​സി​ലെ ബി​സി​ന​സ് സ്​​റ്റ​ഡീ​സി​ൽ നി​ന്നാ​ണ്​ ജി.​എ​സ്.​ടി​യെ കു​റി​ച്ചു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യ​ത്. 12ാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ പു​സ്​​ത​ക​ത്തി​ൽ​ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യം എ​ന്ന ഭാ​ഗ​ത്തു​നി​ന്ന് പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക, മ്യാ​ന്മ​ർ എ​ന്നീ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധം എ​ന്ന ഭാ​ഗ​വും ഒ​ഴി​വാ​ക്കി.