സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു ; മുഖ്യമന്ത്രി യെദ്യൂരപ്പ ക്വാറൻ്റയിൻ പോയേക്കും

ബെംഗളൂരു: ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച സുമലത തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ കൊറോണ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ജൂണ്‍ 29 ന് സുമലത വിധാന്‍ സൗധയിലെത്തി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും സുമലത അഭ്യർഥിച്ചു.

അതേ സമയം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി സുമലത കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്വയം ക്വാറൻ്റയിനിൽ പോയേക്കുമെന്നാണ് സൂചന.

‘ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണു നിർദേശം. അതിനാൽ ഞാൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. ’– സുമലത ട്വിറ്ററിൽ കുറിച്ചു. ജോലിയുടെ ഭാഗമായി നിരവധി കൊറോണ ഹോട്സ്പോട്ടുകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗമാണ് സുമലത.ജനങ്ങളുടെ അനുഗ്രഹവും തന്റെ പ്രതിരോധ ശേഷിയും കൊണ്ട് എത്രയും പെട്ടെന്ന് രോഗമുക്തി നേടുമെന്നും സുമലത പറഞ്ഞു.