മാനഭംഗക്കേസില്‍ നിന്നൊഴിവാക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങി; വനിതാ എസ്ഐ അറസ്റ്റില്‍

അഹമ്മദാബാദ്: മാനഭംഗക്കേസില്‍ നിന്നൊഴിവാക്കാന്‍ ആരോപണവിധേയനായ വ്യക്തിയില്‍ നിന്ന് 20 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ വനിതാ പൊലീസ് അറസ്റ്റില്‍. അഹമ്മദാബാദിലെ വനിതാ പൊലീസ് സബ് ഇന്‍സ്പെക്ടറായ ശ്വേത ജഡേജയാണ് അറസ്റ്റിലായത്. അഹമ്മദാബാദിലെ വെസ്റ്റ് മഹിള സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ് ശ്വേത.

മാനഭംഗക്കേസില്‍ നിന്നൊഴിവാക്കാന്‍ ആരോപണവിധേയനായ വ്യക്തിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

2019ലാണ് കേസിനാസ്പദമായസംഭവം. അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനിയിലെ രണ്ട് വനിതാ ജീവനക്കാരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ക്കെതിരെ പീഡനപരാതി ഉന്നയിച്ചത്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യാതിരിക്കാന്‍ മാനേജിങ് ഡയറക്ടറില്‍ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ശ്വേതക്കെതിരായ എഫ്.ഐ.ആറില്‍ പറയുന്നത്.

20 ലക്ഷം ഇടനിലക്കാരന്‍ മുഖേന കഴിഞ്ഞ ഫെബ്രുവരിയില്‍ കൈപറ്റി. പിന്നെയും 15 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്.